Acti.ev : ടാറ്റയുടെ ഇവികൾക്ക് ഇനി പുതിയ മുഖം
ഇന്ത്യയിൽ കാലാനുസൃതമായി കുതിക്കുന്ന വാഹന ബ്രാൻഡാണ് ടാറ്റ മോട്ടോർസ്. ഒരുപക്ഷെ ഇന്ത്യയിൽ ഇവികൾക്ക് ഇത്രത്തോളം ജനപ്രചാരമുണ്ടാക്കിയത് തന്നെ ടാറ്റയുടെ ഇവികൾ ആയിരിക്കും. എന്നാലിപ്പോൾ തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ ആർക്കിടെക്ച്ചർ അടിമുടി മാറ്റിയിരിക്കുകയാണ് അവർ. TPMS അഥവാ Tata Passenger Electric Mobility-യുടെ രണ്ടാം തലമുറ ഇവി ആർക്കിടെക്ച്ചറാണ് ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്. acti.ev എന്നാണ് അതിനെ നാമകരണം ചെയ്തിട്ടുള്ളത്. Advanced connected tech-intelligent electric vehicle എന്നാണ് ഇതിന്റെ പൂർണ രൂപം. ആക്റ്റീവിന്റെ കീഴിൽ നിരവധി പദ്ധതികൾക്ക് Tata.ev ലക്ഷ്യമിട്ടിട്ടുണ്ട്.
മികച്ച പ്രകടനക്ഷമത, സ്പേസ് മാനേജ്മെന്റ്, നൂതന സാങ്കേതികവിദ്യകൾ എന്നിവയൊക്കെയാണ് ടാറ്റ ആക്റ്റീവിലൂടെ പ്രതീക്ഷിക്കേണ്ടത്. നാല് വ്യത്യസ്ത പാളികളിലായിട്ടാണ് ആക്റ്റീവിൽ കാറുകൾ നിർമ്മിക്കുന്നത്. പവർട്രെയിൻ, ഫ്രെയിം, ഇലക്ട്രിക്കൽ ആർക്കിടെക്ച്ചർ, ക്ലൗഡ് ആർക്കിടെക്ച്ചർ എന്നിവയാണ് അവ. ഇവയിൽ ഓരോന്നിലും നിരവധി പുത്തൻ സവിശേഷതകളും ഫീച്ചേഴ്‌സുകളും ഉൾകൊള്ളുന്നുണ്ട്.
അടുത്ത 18 മാസത്തിനുള്ളിൽ 5 ഇവി മോഡലുകൾ acti.ev ആർക്കിടെക്ച്ചറിൽ പുറത്തിറങ്ങുമെന്ന് ടാറ്റ മോട്ടോർസിന്റെ അധികൃതർ വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ഒന്നാമനായി പഞ്ച് ഇവി ഇന്നലെ അവതരിപ്പിച്ചിരുന്നു. ഒറ്റ ചാർജിൽ 300 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫൈവ് സ്റ്റാർ സുരക്ഷ നേടാൻ മതിയായ അത്ര കനത്ത ബോഡി പാനലുകളാണ് പഞ്ചിന് നൽകിയിട്ടുള്ളതെന്നാണ് ടാറ്റയുടെ അവകാശവാദം. 9 ലക്ഷം രൂപ പ്രാരംഭ വില (എക്സ്-ഷോറൂം) പ്രതീക്ഷിക്കുന്ന ഇവിയുടെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.