ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
എസ്‌യുവികളുടെ പൂർണ്ണ ആധിപത്യമാണ് ലോകമെമ്പാടുള്ള ഓട്ടോമൊബൈൽ മാർക്കറ്റിൽ നിലവിലെ സ്ഥിതി. ഈ ട്രെൻഡിനൊപ്പം തന്നെയാണ് ഇന്ത്യയും നീങ്ങുന്നത്. ഒരുപക്ഷെ എസ്‌യുവികളോടുള്ള കമ്പം കൂടുതലുള്ളതും ഇന്ത്യക്കാർക്ക് തന്നെയാവും. ഓരോ പ്രൈസ് റെയ്ഞ്ചിലേക്കുമുള്ള പുത്തൻ എസ്‌യുവികളുടെ വരവും നിലക്കുന്നില്ല. ഈ അവസരത്തിൽ ഏതൊക്കെ എസ്‌യുവികളാണ് രാജ്യത്ത് ഏറ്റവും വില്പന കരസ്തമാക്കിയതെന്ന് നോക്കാം. കഴിഞ്ഞ മാസത്തിലെ കണക്കുകളാണ് എടുക്കുന്നത്.
1. ടാറ്റ നെക്സോൺ
ടാറ്റ മോട്ടോഴ്‌സ് 2023 സെപ്റ്റംബർ 14-നാണ് നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ എസ്‌യുവിക്ക് മികച്ച എക്സ്റ്റീരിയർ, ഇന്റീരിയർ, ഫീച്ചേഴ്സ് എന്നിവ ലഭിച്ചിരുന്നു. എന്നാൽ ലോഞ്ച് ചെയ്ത് ഒരു മാസത്തിനുള്ളിൽ തന്നെ രാജ്യത്തുടനീളം 15,325 യൂണിറ്റ് നെക്സോണുകളാണ് വിറ്റഴിഞ്ഞുപോയത് . കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ആറ് ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്.
2. മാരുതി സുസുക്കി ബ്രെസ്സ
വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ സ്ഥിരമായി സാന്നിധ്യമറിയിക്കുന്ന ചുരുക്കം ചില എസ്‌യുവികളിൽ ഒന്നാണ് മാരുതി സുസുക്കി വിറ്റാറ ബ്രെസ്സ. വെറും 324 യൂണിറ്റുകൾക്കാണ് ടാറ്റ നെക്സോൺ വിറ്റാറ ബ്രെസ്സയെ പിന്നിലാക്കിയിട്ടുള്ളത്. 2022 സെപ്റ്റംബറിൽ വിറ്റഴിച്ച 15,445 യൂണിറ്റുകളെ അപേക്ഷിച്ച് മാരുതി എസ്‌യുവി വിൽപ്പനയിൽ മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
3. ടാറ്റ പഞ്ച്
മൂന്നാമതായി വരുന്നത് ടാറ്റ പഞ്ച് എന്ന കുഞ്ഞൻ എസ്‌യുവിയാണ്. മികച്ച വില്പന നേടുന്ന 5 എസ്‌യുവികളിലേക്ക് ടാറ്റയുടെ രണ്ടാമത്തെ സംഭാവനയാണ് ഈ കാർ. കഴിഞ്ഞ മാസം 13,036 യൂണിറ്റ് പഞ്ചുകളാണ് പുതുതായി നിരത്തുകളിൽ ഇറങ്ങിയത്. നെക്സോണിന് സമാനമായി, പഞ്ചിന്റെ വിൽപ്പനയും കഴിഞ്ഞ വർഷത്തെ റെക്കോർഡിനേക്കാൾ ആറ് ശതമാനം വർധിച്ചു.
4. ഹ്യുണ്ടായ് ക്രെറ്റ
2015-ൽ ആദ്യമായി വിപണിയിലെത്തിയത് മുതൽ ഹ്യുണ്ടായ് ക്രെറ്റ കൊറിയൻ വാഹന നിർമ്മാതാക്കളുടെ ബെസ്റ്റ് സെല്ലറാണ്. ഈ വർഷം സെപ്റ്റംബറിൽ ഈ മിഡ്-സൈസ് എസ്‌യുവിയെ 12,717 പേരാണ് സ്വന്തമാക്കിയത്. പെട്രോൾ, ഡീസൽ എഞ്ചിനുകൾക്കൊപ്പം മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും കാറിന് ലഭിക്കുന്നുണ്ട്.
5. ഹ്യുണ്ടായ് വെന്യു
കഴിഞ്ഞ മാസം ഹ്യുണ്ടായ് ഇന്ത്യ തങ്ങളുടെ വെന്യുവിന്റെ ലൈനപ്പ് പുതുക്കിയിരുന്നു. 12.44 ലക്ഷം വിലയിൽ ഒരു ADAS വേരിയന്റ് ആയിരുന്നു കൂട്ടിച്ചേർത്തത്. ഇതോടെ സബ്-ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിലേക്ക് ADAS സാങ്കേതികവിദ്യയുമായി എത്തുന്ന ആദ്യ കാറായി വെന്യു മാറി. ഇത് കാറിന് വിപണിയിൽ കൂടുതൽ ഡിമാൻഡ് ഉണ്ടാക്കിയിട്ടുണ്ട്. 2023 സെപ്റ്റംബറിൽ 12,204 യൂണിറ്റുകൾ വെന്യു എസ്‌യുവികളാണ് രാജ്യത്ത് വിറ്റത്.