പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
ടോക്കിയോയിൽ നടന്ന ജപ്പാൻ മൊബിലിറ്റി ഷോയിൽ സുസുക്കി തങ്ങളുടെ നാലാം തലമുറ സ്വിഫ്റ്റിനെ അനാവരണം ചെയ്തു. ഇന്ത്യയിൽ സുസുക്കിയുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ച കാറുകളിലൊന്നാണ് സ്വിഫ്റ്റ്. 2023-ലെ ഈ വരവിൽ എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്.
എക്സ്റ്റീരിയർ
2023 മോഡൽ മാരുതി സുസുക്കി സ്വിഫ്റ്റിന് പുതുക്കിയ ഫ്രണ്ട്, റിയർ പ്രൊഫൈലുകളാണ് ലഭിക്കുന്നത്. മുൻവശത്ത്, കറുത്ത നിറത്തിലുള്ള പുതിയ ഗ്ലോസ് ബ്ലാക്ക് മെഷ്-പാറ്റേൺ ഗ്രിൽ, സ്ഥാനം മാറ്റി സ്ഥാപിച്ച സുസുക്കി ലോഗോ, എൽഇഡി ഡിആർഎല്ലുകളടങ്ങിയ പുതുക്കിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, സിൽവർ ഫിനിഷുള്ള സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് കാഴ്ച്ചയിലെ സവിശേഷതകൾ. 16 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്. കൂടാതെ സ്വിഫ്റ്റിന്റെ പ്രത്യേകതകളിൽ ഒന്നായിരുന്ന പിൻവശത്തെ ഡോർ ഹാൻഡിൽ ഇത്തവണ C- പില്ലറിൽ നിന്ന് ഡോറിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
പിൻഭാഗത്ത്, ടെയിൽ ലാമ്പുകളുടെ മൊത്തത്തിലുള്ള ആകൃതി നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും കറുത്ത ചുറ്റുപാടുകളുള്ള ഒരു പുതിയ വിപരീത C-ആകൃതിയിലുള്ള എൽഇഡി ലേഔട്ട് ലഭിക്കുന്നുണ്ട്. പിന്നിലെ ബമ്പറും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്.
ഇന്റീരിയർ
നാലാം തലമുറ സ്വിഫ്റ്റിന്റെ ക്യാബിൻ ബലേനോയുടെയും ഫ്രോങ്‌സിന്റെയും ക്യാബിന് സമാനമായി തോന്നിപ്പിക്കുന്നതാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുനർരൂപകൽപ്പന ചെയ്‌ത എയർ വെന്റുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കീലെസ്സ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോൾ, ചെറിയ MID ഉള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിൽ, പുതിയ സ്വിഫ്റ്റിന്റെ ആഗോള പതിപ്പിൽ ആറ് എയർബാഗുകൾ, പൂർണ്ണ എൽഇഡി ലൈറ്റ് സജ്ജീകരണം, ലെവൽ 2 ADAS, 360-ഡിഗ്രി ക്യാമറ, collision mitigation braking, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ്, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
പവർട്രെയിൻ
2024 സുസുക്കി സ്വിഫ്റ്റിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് പുതിയ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയാണ്. ഇന്ത്യയിലേക്ക് 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് എന്നിവയുമായി ഘടിപ്പിച്ച 1.2 ലിറ്റർ പെട്രോൾ-ഹൈബ്രിഡ് എഞ്ചിനായിരിക്കും എത്തുക. നിലവിൽ ഇന്ത്യയിൽ വിപണിയിലുള്ള മോഡലിന് പെട്രോൾ, സിഎൻജി പവർട്രെയിന്ൻ ഓപ്ഷനാണ് ലഭിക്കുന്നത്.
ലോഞ്ച് തീയതി
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് 2024-ന്റെ രണ്ടാം പകുതിയിലായിരിക്കും ഇന്ത്യയിൽ അരങ്ങേറുക എന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ ടിയാഗോ, ടാറ്റ ആൽട്രോസ്, ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ്, റെനോ കിഗർ എന്നിവരാണ് സ്വിഫ്റ്റിന്റെ എതിരാളികൾ. 6 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് പുതിയ സ്വിഫ്റ്റിന് പ്രതീക്ഷിക്കുന്ന വില (എക്സ്-ഷോറൂം).