ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
2021-ലെ രംഗപ്രവേശം മുതൽ ഇന്ത്യയിലെ മൈക്രോ-എസ്‌യുവി സെഗ്‌മെന്റിലെ ആധിപത്യം ടാറ്റ പഞ്ചിനായിരുന്നു. എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് പുഞ്ചിനൊരു യഥാർത്ഥ എതിരാളി വിപണിയിലെത്തിയത്. ഹ്യുണ്ടായ് എക്‌സ്‌റ്ററായിരുന്നു പഞ്ചിന്റെ ആധിപത്യത്തിന് വെല്ലുവിളിയുയർത്തിയത്. എക്സ്റ്ററിന്റെ വരവ് മൈക്രോ എസ്‌യുവി വിഭാഗത്തിൽ ഏത് തിരഞ്ഞെടുക്കണമെന്ന് പലരെയും ആശയക്കുഴപ്പത്തിലാക്കി. എന്നാൽ പിന്നെ ഇവ രണ്ടിനെയും താരതമ്യം ചെയ്യാൻ ഞങ്ങളും തീരുമാനിച്ചു.
പഞ്ചിന്റെയും എക്സ്റ്ററിന്റെയും ഡിസൈൻ
ടാറ്റ പഞ്ചിന് LED DRL-കളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും, താഴത്തെ ബമ്പറിൽ സ്ഥാപിച്ചിരിക്കുന്ന ഫോഗ് ലാമ്പുകളും, ട്രൈ-ആരോ-തീം ഗ്രില്ലും ഉള്ള സ്പ്ലിറ്റ് ഡിസൈൻ ലഭിക്കുന്നു. ബ്ലാക്ക് സൈഡ് ക്ലാഡിംഗുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, 90-ഡിഗ്രി തുറക്കാവുന്ന ഡോറുകൾ, സി-പില്ലറിൽ നൽകിയ ഡോർ ഹാൻഡിലുകൾ, Y-ആകൃതിയിലുള്ള എൽഇഡി ടൈയിൽ ലൈറ്റ് എന്നിവയാണ് ഡിസൈനിലെ മറ്റു സവിശേഷതകൾ.
മറുവശത്ത്, ബ്രാൻഡിന്റെ പുതിയ 'Parametric Dynamism' ഡിസൈൻ ഐഡന്റിറ്റിയാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ പിന്തുടരുന്നത്. ഹ്യുണ്ടായ് വെന്യു, ഗ്രാൻഡ് i10 നിയോസ് എന്നിവയോട് പലയിടങ്ങിലായി സാമ്യത പുലർത്തുന്ന ഡിസൈനാണ് എക്സ്റ്ററിനുള്ളത്. 'H' ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ, Glossy black ഗ്രില്ലിൽ സ്ഥാപിച്ചിരിക്കുന്ന പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, സ്‌കിഡ് പ്ലേറ്റ്, ഗ്രില്ലിന് മുകളിൽ 'എക്‌സ്‌റ്റർ' ബാഡ്ജ് എന്നിവയുണ്ട്. ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, 15 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, റൂഫ് റെയിലുകൾ, റിയർ സ്‌പോയിലർ, ഷാർക്ക് ഫിൻ ആന്റിന, H ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ.
ഇന്റീരിയർ, ഫീചേഴ്‌സ് താരതമ്യം
ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് സ്പീക്കറുകൾ, സൺറൂഫ്, ഏഴ് ഇഞ്ചിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് പഞ്ചിൽ ഉൾക്കൊള്ളുന്നത്. സെൻസറുകളോട് കൂടിയ റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റിയർ ഡീഫോഗർ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റിയർ വൈപ്പർ, പഡിൽ ലാമ്പുകൾ തുടങ്ങിയ സവിശേഷതകളും പഞ്ചിനുണ്ട്.
അതേസമയം, ഹ്യുണ്ടായ് എക്‌സ്‌റ്ററിന് എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആറ് എയർബാഗുകൾ, മെറ്റൽ പെഡലുകൾ, വയർലെസ് ചാർജർ, പാഡിൽ ഷിഫ്റ്ററുകൾ, ഡ്യുവൽ ഡാഷ് ക്യാമറ തുടങ്ങിയ ചില സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചറുകൾ ലഭിക്കുന്നു. കൂടാതെ, എസ്‌യുവിയുടെ ടോപ്പ്-സ്പെക്ക് വേരിയന്റുകളിൽ ടിപിഎംഎസ്, കീലെസ് എൻട്രി, ഓൾ-ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, സെമി-ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, വാഷറുള്ള റിയർ വൈപ്പർ, റിയർ ഡീഫോഗർ, സൺറൂഫ് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
ഏത് കാറാണ് കരുത്തൻ
രണ്ട് എസ്‌യുവികൾക്കും 1.2 ലിറ്റർ പെട്രോൾ എഞ്ചിനാനുള്ളത്. പക്ഷെ എക്സ്റ്ററിലേതിന് നാല് സിലിണ്ടറാണ്, പഞ്ചിന് മൂന്ന് സിലിണ്ടറും. ഇരു മോഡലിലും ഇപ്പോൾ CNG വേരിയന്റ് ലഭ്യമാണ്. 5-സ്പീഡ് മാനുവൽ, 5-സ്പീഡ് എഎംടി എന്നീ രണ്ട് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് ഇരു കാറിനും ഉള്ളത്.
ഹ്യുണ്ടായ് എക്സ്റ്റർ, പവർ & ടോർക്ക് : 82bhp & 113Nm
ടാറ്റ പഞ്ച്, പവർ & ടോർക്ക് : 87bhp & 115Nm
ഇരുകാറുകളും എത്രത്തോളം സുരക്ഷിതമാണ്?
GNCAP ക്രാഷ് ടെസ്റ്റുകളിൽ പൂർണ്ണമായ (5-സ്റ്റാർ) സുരക്ഷാ റേറ്റിംഗ് നേടിയാണ് ടാറ്റ പഞ്ചിന്റെ നിൽപ്പ്. അതേസമയം, ക്രാഷ് ടെസ്റ്റ് സുരക്ഷാ റേറ്റിംഗുകൾക്കായി ഹ്യുണ്ടായ് എക്‌സ്‌റ്റർ ഇതുവരെ പരീക്ഷിച്ചിട്ടില്ല.
വില :
വില കണക്കിലെടുക്കുമ്പോൾ, ടാറ്റ പഞ്ചിന് 6 ലക്ഷം മുതൽ 9.51 ലക്ഷം വരെയാണ് എക്സ്-ഷോറൂം വില. ടാറ്റ പഞ്ചിന്റെ അതേ വിലയിലാണ് ഹ്യുണ്ടായ് എക്‌സ്‌റ്ററിന്റെ തുടക്കമെങ്കിലും, ഉയർന്ന വേരിയന്റിന് 10.10 ലക്ഷം രൂപയുണ്ട് (എക്സ്-ഷോറൂം).