കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ആരാധകരെ ആവേശത്തിലാക്കി രണ്ട് ദിവസം മുമ്പാണ് റോയൽ എൻഫീൽഡ് പുതിയ ബുള്ളറ്റിന്റെ വരവറിയിച്ചത്. 2023 പതിപ്പ് ബുള്ളറ്റിന് 1.73 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്സ്-ഷോറൂം). ക്ലാസിക് 350 ബൈക്കിനേക്കാൾ 19,000 രൂപ കുറവും ഹണ്ടർ 350യെക്കാൾ 24,000 രൂപ കൂടുതലുമാണ് പുതിയ ബുള്ളറ്റിന്. ഡിസൈനിൽ പഴയ ബുള്ളറ്റിനോട് സമാനതകൾ ഏറെ തോന്നുമെങ്കിലും മൊത്തത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. റോയൽ എൻഫീൽഡ് മോട്ടോർസൈക്കിൾ നിരയിലെ മറ്റു മോഡലുകളിൽ നിന്നും ഉൾകൊണ്ടയവാണ് മാറ്റങ്ങളിൽ മിക്കവയും.
മാറ്റങ്ങൾ എന്തൊക്കെ
1.പുതിയ ഫ്രെയിം
നിലവിലെ ക്ലാസിക് 350യുടെ ഷാസിയിലാണ് പുതിയ ബുള്ളറ്റ് നിർമിച്ചിട്ടുള്ളത്. ഒരു പരമ്പരാഗത ടെലിസ്കോപിക് ഫോർക്കും, രണ്ട് ഇരട്ട ഷോക്ക് അബ്സോർബറുകളുമാണ് ബുള്ളറ്റിന്റെ സസ്‌പെൻഷൻ സംവിധാനം. ക്ലാസിക്ക് 350യിൽ നിന്നും കടമെടുത്ത 100/90-19 , 120/80-18 ടയറുകളാണ് യഥാക്രമം മുന്നിലും പിന്നിലുമുള്ളത്. വീൽ ഡിസൈനും ക്ലാസിക് 350യുടെ സമാനമായിരിക്കും.
2.പുതുക്കിയ ഡിസൈൻ
ക്ലാസ്സിക്ക് 350യുടേതിന് സമാനമായ സ്റ്റൈലിങ് ആണ് പുതിയ ബുള്ളറ്റിന് ലഭിക്കുന്നത്. സിംഗിൾ പീസ് സീറ്റ്, ഹെഡ്ലൈറ്റിന് മുകളിലുള്ള ഹുഡിന്റെ അഭാവം എന്നിവ മാത്രമാണ് ക്ലാസ്സിക് 350യിൽ നിന്നുള്ള വ്യത്യാസങ്ങൾ. ടെയിൽ ലാംപും പുതുക്കിയിട്ടുണ്ട്.
3.പുതുക്കിയ എഞ്ചിൻ
പുതിയ 349 സിസി ജെ-പ്ലാറ്റ്ഫോം എഞ്ചിൻ അവതരിപ്പിച്ചതാണ് പുതിയ ബുള്ളറ്റിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. നിലവിൽ ക്ലാസിക് 350, ഹണ്ടർ 350, മെറ്റിയർ 350 മോഡലുകളിൽ പ്രവർത്തിക്കുന്ന ഈ എൻജിൻ 20.2 ബിഎച്ച്പി പവറും 27 എൻഎം ടോർക്കും ഉൽപാദിപ്പിച്ചേക്കും. മൊത്തത്തിൽ എൻജിൻ പുരോഗതിപ്പെടുത്തിയുട്ടെന്ന് റോയൽ എൻഫീൽഡ് അവകാശപ്പെടുന്നുണ്ട്. ബുള്ളറ്റിന് സ്ഥിരം പഴി കേട്ടിരുന്ന ഉയർന്ന rpm-ലെ വൈബ്രേഷൻ ഇല്ലാതാക്കിയിട്ടുണ്ടെന്നും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
4.കിക്ക് - സ്റ്റാർട്ടർ എടുത്തുകളഞ്ഞു
മറ്റൊരു ശ്രദ്ധേയമായ മാറ്റം കിക്ക്-സ്റ്റാർട്ടർ ഓപ്ഷൻ എടുത്തുകളഞ്ഞതായിരിക്കും. നിലവിൽ ബുള്ളറ്റ് വേരിയന്റുകളിൽ ഇലക്ട്രിക് സ്റ്റാർട്ടർ ഘടിപ്പിച്ച മോഡലുകൾക്കൊപ്പം കിക്ക്-സ്റ്റാർട്ട്-ഒൺലി മോഡലും ലഭ്യമായിരുന്നു. എന്നാൽ പുതിയ ബുള്ളറ്റിന് കിക്ക്-സ്റ്റാർട്ട്-ഒൺലി ഓപ്ഷൻ ഉണ്ടാവില്ല.
5.പുതിയ നിറങ്ങൾ
2023 ബുള്ളറ്റ് അഞ്ച് നിറങ്ങളിൽ ലഭ്യമായേക്കും. ഓരോ വെരിയന്റുകൾക്കനുസരിച്ചാണ് നിറങ്ങൾ തീരുമാനിക്കാൻ കഴിയുക. ബേസ് ഓപ്ഷനായ മിലിട്ടറി വേരിയന്റ് മിലിട്ടറി റെഡ്, മിലിട്ടറി ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് ലഭിക്കുക. സ്റ്റാൻഡേർഡ് വേരിയന്റിന് സ്റ്റാൻഡേർഡ് ബ്ലാക്ക്, സ്റ്റാൻഡേർഡ് മെറൂൺ എന്നീ നിർവകഭേദങ്ങളുമാണ് ഉള്ളത്. കൂടാതെ ഉയർന്ന വേരിയന്റായ ബ്ലാക്ക് ഗോൾഡിൽ അതിന്റെ പേരിന് സമാനമായ രീതിയിൽ കറുപ്പ് നിറവും ഗോൾഡൻ നിറവും ചേർന്ന ഡിസൈൻ ആണുള്ളത്.