Booking time of fav models
ഇന്ത്യയിലെ മികച്ച മിഡ്-സൈസ് എസ്‌യുവികൾ ബുക്ക് ചെയ്താൽ വാഹനത്തിന്റെ ഡെലിവെറിക്ക് എത്ര കാലം കാത്തിരിക്കണം?
മിഡ്-സൈസ് എസ്‌യുവി സെഗ്‌മെന്റിലേക്കുള്ള ഉപഭോക്താക്കളുടെ തള്ളിക്കയറ്റം തുടരുകയാണ്. ഹ്യൂണ്ടായ്, കിയ, മാരുതി സുസുക്കി, ഹോണ്ട തുടങ്ങിയ വാഹന നിർമ്മാണ രംഗത്തെ പ്രമുഖരെല്ലാം നേർക്കുനേർ കൊമ്പുകോർക്കുന്ന ഈ സെഗ്മെന്റിലെ വാഹനങ്ങൾ ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. അങ്ങനെ ഒരു മിഡ്-സൈസ് എസ്‌യുവി സ്വന്തമാക്കാം എന്ന് കരുതുമ്പോൾ മനസിലേക്കെത്തുന്ന ഒരു ചോദ്യമാണ് ബുക്കിങ്ങിനും ഡെലിവറിക്കും ഇടയിലുള്ള കാത്തിരിപ്പ് കാലാവധി എത്രയെന്നത്. ഇന്നത്തെ കാലത്ത് വാഹനമെടുക്കുമ്പോൾ waiting period പ്രധാന ഘടകമായി മാപരിഗണിക്കുന്നതിനാൽ ഇന്ത്യയിലെ മികച്ച മിഡ്-സൈസ് എസ്‌യുവികൾക്കായുള്ള കാത്തിരിപ്പ് കാലയളവ് ചുവടെ ചേർക്കുന്നു.
ഹ്യുണ്ടായ് ക്രെറ്റ
രണ്ട് പവർട്രെയിൻ ഓപ്ഷനുകളിൽ ഏഴ് ട്രിമ്മുകളാണ് ഹ്യുണ്ടായ് ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താവ് തിരഞ്ഞെടുക്കുന്ന വേരിയന്റിനെ ആശ്രയിച്ച് ക്രെറ്റ എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് ആറ് ആഴ്ച മുതൽ 34 ആഴ്ച വരെ നീണ്ടു നിന്നേക്കും. പെട്രോൾ എൻജിനുള്ള എസ്‌എക്‌സ് എന്ന വേരിയന്റിന് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ കാത്തിരിപ്പ് കാലയളവ് ഉള്ളപ്പോൾ, ഡീസൽ എസ് വേരിയന്റിന് എട്ട് മാസം വരെ കാത്തിരിപ്പ് കാലയളവ് ഉണ്ടാവുന്നു.
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര
ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി അരങ്ങേറി ചുരുങ്ങിയ കാലംകൊണ്ട് സെഗ്മെന്റിൽ ജനപ്രിയ ഓപ്ഷനായി മാറിയ എസ്‌യുവിയാണ് ഗ്രാൻഡ് വിറ്റാര. ഗ്രാൻഡ് വിറ്റാരയ്ക്ക് ആറ് വേരിയന്റുകളിലായി മൂന്ന് പവർട്രെയിൻ ഓപ്ഷനുകളുണ്ട്. 10.70 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്സ്-ഷോറൂം). എന്നാൽ ബുക്ക് ചെയ്ത് വാഹനം കയ്യിലെത്താൻ നാല് മുതൽ അഞ്ച് മാസം വരെ കാത്തിരിക്കേണ്ടി വരും.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ
മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാരയുമായി പങ്കിടുന്ന പ്ലാറ്റ്‌ഫോമും പവർട്രെയിനുകളുമാണ് ഹൈറൈഡറിനുള്ളതെങ്കിലും മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലെ കൂടിയ വെയ്റ്റിങ് കാലയളവും ഈ കാറിനാണ്.ഏഴു മുതൽ 12 മാസം വരെ ഹൈറൈഡറിനായി കാത്തിരിക്കേണ്ടതുണ്ട്. പെട്രോൾ, പെട്രോൾ ഹൈബ്രിഡ്, സിഎൻജി വേരിയന്റുകളിൽ എസ്‌യുവി ലഭ്യമാണ്.
കിയ സെൽറ്റോസ്
കിയ അടുത്തിടെ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. ബേസ്-സ്പെക്ക് വേരിയന്റിന് 10.90 ലക്ഷം രൂപയാണ് വില. നിലവിൽ സെഗ്‌മെന്റിലെ ഏറ്റവും ഫീച്ചർ സമ്പന്നമായ എസ്‌യുവികളിലൊന്നാണിത്. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ പുതിയ സെൽറ്റോസിന്റെ ഡെലിവറി ലഭിച്ചു തുടങ്ങിയിരുന്നു. എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് നിലവിൽ രണ്ട് മുതൽ നാല് മാസം വരെയാണ്.
ഹോണ്ട എലിവേറ്റ്
മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലേക്ക് അവസാനമായി അരങ്ങേറിയ കാറാണ് ഹോണ്ട എലിവേറ്റ്. ഹോണ്ട സിറ്റിയിൽ നിന്ന് കടമെടുത്ത പെട്രോൾ പവർട്രെയിൻ ഉപയോഗിച്ചാണ് എസ്‌യുവി പ്രവർത്തിക്കുന്നത്. എലിവേറ്റിന്റെ waiting period കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഈ എസ്‌യുവിയുടെ ഡെലിവറി ലഭിക്കാൻ ഉപഭോക്താക്കൾക്ക് 16 മുതൽ 18 ആഴ്ച വരെ കാത്തിരിക്കേണ്ടി വരും.