20 ലക്ഷത്തിന് താഴെ വിലയ്ക്ക് സ്വന്തമാക്കാവുന്ന 5 ഇലക്ട്രിക് കാറുകൾ
ലോകമെങ്ങും ഇവി വിപ്ലവം നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ പോക്കറ്റിലൊതുങ്ങിയ ഇവികൾ വിപണിയിലില്ല എന്നതായിരുന്നു ഇന്ത്യൻ ഇവി മാർക്കറ്റിലെ പ്രധാന വെല്ലുവിളി. പക്ഷെ ഇപ്പോൾ ഇലക്ട്രിക് വാഹനങ്ങൾ എല്ലാ സെഗ്‌മെന്റുകളിലും, ബോഡി സ്‌റ്റൈലുകളിലും, പ്രൈസ് റേഞ്ചിലും ലഭ്യമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഇവി വിപ്ലവത്തിൽ ചേരാൻ ഉദ്ദേശിക്കുന്നവരാണെങ്കിൽ 20 ലക്ഷത്തിന് താഴെ വിലയ്ക്ക് പരിഗണിക്കാവുന്ന 5 ഇവികളാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ടാറ്റ ടിയാഗോ EV
ടാറ്റ മോട്ടോഴ്സിന്റെ ലൈനപ്പിലെ ഏറ്റവും വില കുറഞ്ഞ ഇവിയാണ് ടിയാഗോ ഇവി. മീഡിയം, ലോംഗ് റേഞ്ച് പതിപ്പുകളിൽ ലഭ്യമാണ്. 19.2kWhനും 24kWhനും ഇടയിൽ ബാറ്ററി പായ്ക്കുകൾ തിരഞ്ഞെടുക്കാം. 250 കിലോമീറ്ററും 315 കിലോമീറ്ററും റേഞ്ച് നൽകുന്ന ടിയാഗോ ഇവി XE, XT, XZ പ്ലസ്, XZ പ്ലസ് ടെക് വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 8.69 ലക്ഷം രൂപ മുതൽ 12.04 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്-ഷോറൂം വില.
എംജി കോമറ്റ് ഇവി
ഈയിടെ ഇന്ത്യയിൽ വിചിത്രമായ ഡിസൈനിൽ അവതരിച്ച് ശ്രദ്ധ നേടിയ കുഞ്ഞൻ ഇലക്ട്രിക് കാറാണ് എംജി കോമറ്റ്. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇവി എന്ന പ്രത്യേകത കൂടി കോമെറ്റിനുണ്ട്. നാല് നിറവകഭേദങ്ങളിൽ ലഭ്യമാണ്. 7.98 മുതൽ 10.63 ലക്ഷം രൂപ വരെയാണ് ഈ 2-ഡോർ കാറിന്റെ എക്സ്-ഷോറൂം വില.
41 ബിഎച്ച്പിയും 110 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്നതിന് വേണ്ടി 17.3kWh ബാറ്ററി പാക്കാണ് നൽകിയിരിക്കുന്നത്. ഒറ്റ ചാർജിൽ 230 കിലോമീറ്ററാണ് റേഞ്ച് അവകാശപ്പെടുന്നത്, ഏഴ് മണിക്കൂറിനുള്ളിൽ 3.3kW ചാർജർ ഉപയോഗിച്ച് കോമറ്റ് EV ചാർജ് ചെയ്യാം.
സിട്രോൺ eC3
11.50 ലക്ഷം രൂപ മുതൽ 12.68 ലക്ഷം രൂപ വരെ വില വരുന്ന ഇവിയാണ് eC3. പേര് സൂചിപ്പിക്കുന്നത് പോലെ eC3 എന്നത് സിട്രോൺ C3 യുടെ ഇലക്ട്രിക് പതിപ്പാണ്. 56 ബിഎച്ച്‌പിയും 143 എൻഎം ടോർക്കും പുറപ്പെടുവിക്കാൻ സഹായിക്കുന്ന 29.2 kWh Lithium-ion ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നത്.
പൂർണമായി ചാർജ് ചെയ്താൽ eC3 320 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്നു. 15 amp വാൾ ബോക്സ് ചാർജറിനൊപ്പം, ഫാസ്റ്റ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഇത് 57 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനമായി ഉയർത്താൻ സാധിക്കും.
ടാറ്റ ടിഗോർ EV
ടാറ്റ മോട്ടോർസ് തങ്ങളുടെ ടിയാഗോ ഇവി, നെക്സോൺ ഇവി എന്നിവയ്ക്കൊപ്പം വിൽക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് ടിഗോർ. ഈ ഇലക്ട്രിക് സെഡാന് ടിയാഗോ EV-യുടെ അതേ ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇത് 74 ബിഎച്ച്പിയും 170 എൻഎം ടോർക്കും പുറപ്പെടുവിക്കുകയും 315 കിലോമീറ്റർ റേഞ്ച് നൽകുകയും ചെയ്യുന്നു. നിലവിൽ കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലെ ഏക ഇവിയാണ് ടിഗോർ ഇവി. 12.49 ലക്ഷം രൂപ മുതൽ 13.75 ലക്ഷം രൂപ വരെയാണ് ടിഗോർ ഇവിയുടെ എക്സ്-ഷോറൂം വില.
മഹീന്ദ്ര XUV400
XUV400 കാഴ്ച്ചയിൽ സ്റ്റാൻഡേർഡ് XUV300ക്ക് സമാനമായി തോന്നുമെങ്കിലും, 148bhp, 310Nm torque എന്നിവ ഉൽപാദിപ്പിക്കാൻ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിൽ പ്രവർത്തിക്കുന്നത്. 39.4kWh ആണ് ബാറ്ററി പായ്ക്ക്. 456 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുന്ന ഈ കാർ MG ZS EV, ഹ്യുണ്ടായ് കോന ഇലക്ട്രിക്, നെക്‌സോൺ EV എന്നിവയുമയാണ് മത്സരിക്കുന്നത്. 15.99 ലക്ഷം രൂപ മുതൽ 19.19 ലക്ഷം രൂപ വരെയാണ് XUV400ന്റെ എക്സ്-ഷോറൂം വില.
ടാറ്റ Nexon EV
ഒരുപക്ഷെ ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട ഇവിയാണ് ടാറ്റ നെക്സോൺ ഇവി. സെപ്റ്റംബർ 14നാണ് കമ്പനി പുതുക്കിയ നെക്സോൺ ഇവി അവതരിപ്പിച്ചത്. 325 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന നെക്സോൺ ഇവിയുടെ താഴ്ന്ന വേരിയന്റുകളിൽ 30 kWh ബാറ്ററി പാക്കാണ് സജ്ജീകരിച്ചിട്ടുള്ളത്. 465 കിലോമീറ്റർ വരെ റേഞ്ച് ഉള്ളവയാണ് നെക്സോൺ ഇവിയുടെ ഉയർന്ന വേരിയന്റുകൾ. അവയിൽ 40.5 kWh ബാറ്ററി പായ്ക്കാണുള്ളത്. 16.15 ലക്ഷം രൂപ മുതൽ 21.33 ലക്ഷം രൂപ വരെയാണ് നെക്സോൺ ഇവിയുടെ ഓൺ-റോഡ് വില.