പ്രതാപം മങ്ങി; ഫോർഡും ഇന്ത്യ വിടുന്നു.
പ്രതീക്ഷിച്ചപോലെ തന്നെ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് ഇന്ത്യയിലെ നിർമ്മാണ പ്രവർത്തന കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഈ വർഷം അവസാനത്തോടെ ഗുജറാത്തിലെ സനന്ദ്, അടുത്തവർഷം പകുതിയോട് കൂടി തമിഴ്നാട്ടിൽ ചെന്നൈക്കടുത്തുള്ള മറൈമല പ്ലാന്റ്കൾ ആണ് പൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യൻ വിപണിയിൽ സ്വന്തമായി വാഹനം നിർമ്മിച്ചു തുടങ്ങിയ ഫോർഡ് ന്റെ 23 വർഷത്തെ പാരമ്പര്യം ആണ് ഇതോടുകൂടി അവസാനിക്കുന്നത്. ഇനി CBU ആയി ഇറക്കുമതിചെയ്ത മോഡലുകളിൽ മാത്രമായിരിക്കും കമ്പനിയുടെ ശ്രദ്ധ എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മഹീന്ദ്ര യുമായി സഹകരിച്ച് 1995 ലാണ് മഹിന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ് (MFIL) എന്ന പേരിൽ അമേരിക്കൻ വാഹന ഭീമൻമാരായ ഫോർഡ് ഇന്ത്യയിലെത്തുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം മഹീന്ദ്ര യുമായി വേർപിരിഞ്ഞു Ford Motor India സ്ഥാപിച്ചു ആദ്യത്തെ സ്വതന്ത്ര ഉൽപ്പന്നമായ Ford Icon സെടാൻ പുറത്തിറക്കി. ശേഷം Fiesta, Figo, Aspire, Freestyle, Ecosport, Endeaver , തുടങ്ങിയ പ്രശസ്ത മോഡലുകൾ വിപണിയിലെത്തിച്ചു. വാഹന പ്രേമികളുടെ മനസ്സിൽ ഒരു സ്ഥാനമുണ്ടാക്കാൻ സാധിച്ചെങ്കിലും എക്കോസ്പോർട്ട് ഒഴികെയുള്ള മിക്ക മോഡലുകൾക്കും വിപണിയിൽ കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല എന്നത് ഫോർഡിന്റെ പിൻമാറ്റത്തിന് ആക്കംകൂട്ടി. പ്ലാന്റ് ന്റെ ഉല്പാദന ശേഷിയുടെ 20% ഉപയോഗിക്കാൻ മാത്രമേ കമ്പനിക്ക് ആവശ്യകത ഉള്ളൂ എന്നും, ഏതുനിമിഷവും ഫോർഡ് ഇന്ത്യ വിടാൻ സാധ്യതയുണ്ട് എന്നും പല അഭ്യൂഹങ്ങളും കുറച്ചു നാളുകളായി പുറത്തുവന്നിരുന്നു. നിലവിലുള്ള ഡീലർ സ്റ്റോക്കുകൾ അവസാനിച്ചാൽ നിലവിലുള്ള ഫോർഡ് മോഡലുകളുടെ വിൽപ്പന കമ്പനി അവസാനിപ്പിക്കും. എങ്കിലും വിൽപ്പനാനന്തര സേവനങ്ങൾ തുടർന്നും ഉറപ്പുവരുത്തും. സ്പെയർ പാർട്സ് ലഭ്യത, സർവീസ് വാറണ്ടി തുടങ്ങിയവ നൽകുന്നത് തുടരും. ഇനി കമ്പനി ഫോക്കസ് ചെയ്യുന്നത് ആഗോള മോഡലുകളായ മസ്താങ്, മാക് -E പോലുള്ള ഇറക്കുമതി വാഹനങ്ങളിൽ ആയിരിക്കും. കഴിഞ്ഞ 10 വർഷത്തിനിടയിൽ സംഭവിച്ച 2billion ഡോളറിലധികമുള്ള പ്രവർത്തന നഷ്ടമാണ് കമ്പനിയെ ഇത്തരമൊരു തീരുമാനത്തിൽ എത്തിച്ചത്.2019 ൽ Kia, MG തുടങ്ങിയ പുതിയ കമ്പനികൾ വരുകയും, BS 6 ലേക്കുള്ള മാറ്റം,
കോവിഡ് കാലത്തെ ബിസിനസ് ഡൗൺ, സെമികണ്ടക്ടർ കളുടെ ആഗോള ക്ഷാമം, തുടങ്ങിയവയും ഫോർഡിന്റെ ഇന്ത്യയിലെ യാത്ര കഠിനമാക്കി. മറ്റു കമ്പനികളുമായുള്ള സംയുക്ത സംരംഭത്തിന് ചർച്ചകൾ പരാജയപ്പെട്ടതും വിനയായി.
Figo, Aspire, freestyle, Ecosport, Endeaver, mustang എന്നിവയായിരുന്നു നിലവിൽ പ്രധാനമായും വിൽപ്പനക്ക് എത്തിച്ചിരുന്ന മോഡലുകൾ. ഇതിൽ എക്കോസ്പോർട്ടും എന്റെവെറും ഒഴികെയുള്ള മോഡലുകൾക്ക് ഒന്നും കാര്യമായ വിൽപന ഉണ്ടായിരുന്നില്ല. അതിനാൽ ഇക്കോസ്പോർട്ട് ന്റെ ഫേസ്ലിഫ്റ്റ് മോഡലിനെ വിപണിയിലെത്തിച്ച് പിടിച്ചുനിൽക്കാൻ കമ്പനിക്ക് പദ്ധതി ഉണ്ടായിരുന്നു. നിലവിൽ ഇന്ത്യയിലെ രണ്ട് നിർമ്മാണ പ്ലാന്റ് കളും അടച്ചുപൂട്ടാൻ തീരുമാനിച്ച സാഹചര്യത്തിൽ ഫേസ്ലിഫ്റ്റ് കോംപാക്ട് suv യുടെ ഭാവി കാത്തിരുന്നു കാണുക വേണം .
ഏതായാലും 23 വർഷത്തെ പ്രവർത്തന കാലയളവിൽ, സവിശേഷതകളും കരുത്തും ഇഴകിച്ചേർന്ന ഏതാനും മോഡലുകളിലൂടെ വാഹന പ്രേമികളുടെ മനസ്സിൽ ഒരു സ്ഥാനം നേടി എടുത്തുകൊണ്ടാണ് ഫോർഡിന്റെ പിന്മാറ്റം.