ഇന്ത്യൻ വാഹന വ്യവസായത്തിന്റെ നാൾവഴി
കോവിഡ് മഹാമാരി പിടിച്ചുലച്ച ഇന്ത്യൻ വാഹന വ്യവസായം പഴയപടിയിലേക്ക് കരകയറിയിരിക്കുകയാണ്. വിപണി മുമ്പുള്ളതിനേക്കാൾ സജീവമായി മുന്നോട്ട് പോവുകയാണ്. ആഗോളതലത്തിൽ നാലാം സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യൻ വാഹന വ്യവസായം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എത്രത്തോളം കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചകമാണ്. കുതിച്ചുയരുന്ന ക്രൂഡ് ഓയിൽ വില, അർദ്ധചാലക ക്ഷാമം, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ, താഴ്ന്ന നിരക്കിലുള്ള സാമ്പത്തിക വളർച്ച എന്നിങ്ങനെ നിരവധി വെല്ലുവിളികൾക്കിടയിലും വാഹന വിപണനം അഭിവൃദ്ധിപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. വാഹനങ്ങളുടെ ആവശ്യകതയിൽ വന്ന വർദ്ധനവാണ് ഇതിൽ കാരണം.
ഇന്ത്യൻ വാഹന വ്യാപ്തി
മുപ്പത്തിയഞ്ചിലധികം വാഹന കമ്പനികൾ രാജ്യത്ത് ഇന്ന് രംഗത്തുണ്ട്. ഇവയിൽ പാസഞ്ചർ, കൊമേഴ്ഷ്യൽ, മോട്ടോർസൈക്കിൾ, ത്രീ വീലർ എന്നീ വിഭാഗങ്ങളെല്ലാം ഉൾപ്പെടും. പാസഞ്ചർ വിഭാഗം 13%, കൊമേഴ്ഷ്യൽ വിഭാഗം 3%, ത്രീവീലർ വിഭാഗം 3% എന്നിങ്ങനെ മാർക്കറ്റ് പങ്കിടുമ്പോൾ 81 ശതമാനവും കയ്യടക്കിയിട്ടുള്ളത് മോട്ടോർസൈക്കിളുകൾ ആണ്. ലോക വാഹന വ്യവസായത്തിലേക്ക് കണ്ണോടിക്കുമ്പോൾ പാസഞ്ചർ വിഭാഗത്തിൽ നാല്, കൊമേഷ്യൽ മൂന്ന് ടൂവീലർ ഒന്ന് എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനം. 2026 ആവുമ്പോഴേക്കും പാസഞ്ചർ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തുള്ള ജർമനിയെ ഇന്ത്യ പിന്തള്ളുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
2021 -ലെ കണക്ക് :
China - 23 മില്യൺ യൂണിറ്റുകൾ
യുഎസ് - 17 മില്യൺ യൂണിറ്റുകൾ
ജർമ്മനി - 3.5 മില്യൺ യൂണിറ്റുകൾ
ഇന്ത്യ - 3.2 മില്യൺ യൂണിറ്റുകൾ
ഇന്ത്യൻ വാഹന ചരിത്രം
1886 ലായിരുന്നു ലോകത്തെ ആദ്യ ഓട്ടോമൊബൈൽ എന്നറിയപ്പെടുന്ന ബെൻസ് പാറ്റന്റ് മോട്ടോർവാഗണിനെ കാറൽ ബെൻസ് അവതരിപ്പിക്കുന്നത്. അതിന്റെ പത്ത് വർഷങ്ങൾക്കിപ്പുറം 1897-ൽ തന്നെ ഇന്ത്യയിൽ ആദ്യമായി ഒരു വാഹനം ഓടിത്തുടങ്ങി എന്നത് എടുത്തുപറയേണ്ട ഒന്നാണ്. ക്രോംറ്റൺ ഗ്രീവ്സ് പ്രഭു എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ആ കാറിന്റെ ഉടമ. എന്നാൽ ഒരു ഇന്ത്യക്കാരൻ ആദ്യമായി വാഹനം സ്വന്തമാക്കുന്നത് അതിനു തൊട്ടടുത്തുള്ള വർഷമായിരുന്നു. ഇന്ത്യൻ വ്യാവസായിക പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജംഷദ്ജി ടാറ്റയാണ് ആ നേട്ടം കൈവരിച്ചത്. രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത വാഹനവും ഇദ്ദേഹത്തിന്റെതായിരുന്നു. 1902-ലായിരുന്നു തന്റെ 'ഓൾഡ്സ്മൊബൈൽ' 2-സീറ്റർ കാർ അദ്ദേഹം ബോംബെയിൽ രജിസ്റ്റർ ചെയ്തത്.
പിന്നീട് മെയ്ബാക്ക്, റോൾസ് റോയ്സ്, സ്റ്റുഡിബേക്കർ, ഡയംലെർ, സിട്രൺ, മേഴ്‌സിഡസ് തുടങ്ങി പ്രശസ്ത ബ്രാൻഡുകൾ അന്നത്തെ മഹാരാജാക്കന്മാരുടെ കരങ്ങളാൽ ഇന്ത്യൻ മണ്ണിനെ സ്പർശിച്ചു. സമ്പന്നരായിരുന്ന ഇന്ത്യൻ മഹാരാജാക്കന്മാർ തന്നെയാണ് 'കോച്ച് ബിൽഡിംഗ്' രീതി തുടങ്ങിയതും. ഷാസിയും എഞ്ചിനും ഒഴികെ ബാക്കിയെല്ലാം തങ്ങളുടെ ഇഷ്ടപ്രകാരം രൂപകൽപ്പന ചെയ്തു നിർമ്മിക്കുന്ന രീതിയാണ് കോച്ച് ബിൽഡിംഗ്. മുള്ളിനർ, പുൾമാൻ എന്നിവരായിരുന്നു അന്നത്തെ പ്രശസ്ത കോച്ച് ബിള്ഡേഴ്സ്.
ചരിത്രത്തിലിടം നേടിയ ബ്രാൻഡുകൾ
ഇന്ത്യൻ നിരത്തുകളിൽ ആദ്യകാലം മുതലേ വാഹനങ്ങളോടി തുടങ്ങിയിരുന്നെങ്കിലും വാഹന വ്യവസായം ആരംഭിച്ചത് 1940ന് ശേഷമാണ്. 1942ൽ കൽക്കട്ടയിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ മോട്ടോർസാണ് ഇന്ത്യയിലെ ആദ്യ വാഹന സംരംഭം. തുടർന്ന് ബോംബെ ആസ്ഥാനമാക്കി പ്രീമിയറും രംഗത്ത് വന്നു. 1950 ആയപ്പോഴേക്കും ടാറ്റ, മഹിന്ദ്ര, അശോക് ലെയ്‌ലൻഡ്, റോയൽ എൻഫീൽഡ്, ഐഡിയൽ ജാവ എന്നിവരും പ്രവർത്തനമാരംഭിച്ചിരുന്നു.
ഹിന്ദുസ്ഥാൻ മോട്ടോർസ്
ബ്രിട്ടീഷ് കമ്പനിയായ മോറിസിൽ ലൈസൻസ് എടുത്തായിരുന്നു ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ തുടക്കം. 'ഹിന്ദുസ്ഥാൻ 10' ആയിരുന്നു HM-ൽ നിന്നുള്ള ആദ്യ വാഹനം. തുടർന്ന് ചില മോഡലുകൾ എത്തിയെങ്കിലും കമ്പനി ഇന്ത്യയിൽ വിപ്ലവം സൃഷ്ടിച്ചത് 1954ൽ പുറത്തിറങ്ങി, പിന്നീട് അംബാസിഡർ എന്നറിയപ്പെട്ട ലാൻഡ്മാസ്റ്ററിന്റെ വരവോടെയായിരുന്നു. ഇംഗ്ലണ്ടിൽ വിപണിയിലുണ്ടായിരുന്ന 'മോറിസ് ഓക്സ്ഫോർഡ്' എന്ന മോഡലിന്റെ ഇന്ത്യൻ പതിപ്പായിരുന്നു ലാൻഡ്മാസ്റ്റർ. പിന്നീട് 1957ൽ ലാൻഡ്മാസ്റ്ററിന്റെ പിൻഗാമിയായി ബ്രിട്ടീഷ് മാർക്കറ്റിലെ മോറിസ് ഓക്സ്ഫോർഡ് 3 എന്ന മോഡൽ ഇന്ത്യയിലെത്തി. 'അംബാസ്സഡർ മാർക്ക് 1' എന്ന പേരിലാണ് അവതരിപ്പിച്ചത്. മാർക്ക് 2, മാർക്ക് 4, മാർക്ക് 4 ക്ലാസ്സിക്, നോവ എന്നിങ്ങനെ വിവിധ അംബാസഡർ മോഡലുകൾ വിപണിയിലെത്തുകയുണ്ടായി. ഉടമകളുടെ പ്രൗഢിയുടെ വിളംബരമായി അംബാസഡർ കാറുകൾ മാറി. 1960ൽ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് ഫ്രഞ്ച് കമ്പനിയായ പ്യൂഷോയുമായി കൂട്ടുകെട്ടിലായി.
മേഴ്‌സിഡസ് പോലുള്ള ആഡംബര കാറുകളോട് പോലും ഏറ്റുമുട്ടിയ മോഡൽ 1984ൽ ഇറങ്ങുകയുണ്ടായി. ഹിന്ദുസ്ഥാൻ മോട്ടോഴ്സ് കോണ്ടസ എന്ന കരുത്തനായിരുന്നു അത്. ഇന്നും ജനങ്ങൾ ഏറെ ഓർക്കുന്ന കോണ്ടസ ആദ്യകാലങ്ങളിൽ അംബാസഡറിന്റെ എൻജിനുമായാണ് എത്തിയിരുന്നതെങ്കിലും പിന്നീട് ഇസുസുവിന്റെ എൻജിനിലേക്ക് മാറി. 2002ൽ കോണ്ടസയുടെ ഉൽപാദനം നിർത്തിവച്ചു. പിന്നീട് മിറ്റ്സുബിഷിയുമായി ചേർന്ന് നിരവധിമോഡലുകൾ അവതരിപ്പിച്ചെങ്കിലും 2015-ഓടെ ഹിന്ദുസ്ഥാൻ മോട്ടോഴ്സ് പൂർണ്ണമായി അടച്ചുപൂട്ടി. പുഷ്പക്, ട്രക്കർ എന്നീ യൂട്ടിലിറ്റി വാഹനങ്ങളും മസ്കോട്ട്, ആർടിവി റെയ്ഞ്ചർ, ലാവെൻഡർ എന്നീ കൊമേഴ്ഷ്യൽ വാഹനങ്ങളും കമ്പനിയിൽ നിന്നും വിപണിയിൽ എത്തിയിരുന്നു.
പ്രീമിയർ മോട്ടോഴ്സ്
1944ൽ ഇന്ത്യയിൽ നിലവിൽ വന്ന ഓട്ടോമൊബൈൽ കമ്പനിയാണ് പ്രീമിയർ മോട്ടോഴ്സ്. ഡോഡ്ജ്, ക്രൈസലർ, ഫിയറ്റ് എന്നീ വിദേശ ബ്രാൻഡുകളോടൊപ്പം ആയിരുന്നു പ്രവർത്തനം. 1956ലാണ് പ്രീമിയർ കാറുകളുടെ ഉൽപാദനം ആരംഭിക്കുന്നത്. ക്രൈസ്ലർ, ഡോഡ്ജ് എന്നീ അമേരിക്കൻ കമ്പനികളുടെ രണ്ടു മോഡലുകളായിരുന്നു പ്രീമിയർ ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചതെങ്കിലും ഏറെ ജനപ്രീതി നേടിയത് അംബാസഡറിന്റെ എതിരാളിയായിരുന്ന 'ഫിയറ്റ് 1100' ആയിരുന്നു. ഇതിന്റെ മൂന്നാം പതിപ്പാണ് പ്രീമിയർ പത്മിനി എന്ന പേരിൽ ഇന്ത്യയിൽ തരംഗം സൃഷ്ടിച്ചത്. പിന്നീട് നിസ്സാന്റെ എൻജിൻ ഘടിപ്പിച്ച 'ഫിയറ്റ് 118 NE' പ്രീമിയർ മോട്ടോഴ്സ് രാജ്യത്തിന് സമർപ്പിച്ചു. ശേഷം വന്ന ഒരു മോഡലിനും ഇന്ത്യൻ വിപണിയിൽ വിജയം നേടാൻ സാധിച്ചില്ല. പ്യുഷോ ഗ്രൂപ്പുമായി ചേർന്നിട്ടും ഫലമുണ്ടായില്ല. അങ്ങനെ പ്രീമിയർ മോട്ടോഴ്സ് വിടവാങ്ങി.
സ്റ്റാൻഡേർഡ് മോട്ടോഴ്സ്
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഓട്ടോമൊബൈൽ സംരംഭമായിരുന്നു സ്റ്റാൻഡേർഡ് മോട്ടോഴ്സ്. 1951ൽ മദ്രാസിലായിരുന്നു കമ്പനിയുടെ തുടക്കം. ബ്രിട്ടീഷ് നിർമ്മാതാക്കളായ വാൻഗ്വാർഡുമായി ചേർന്ന് നിരവധി കാറുകളെ സ്റ്റാൻഡേർഡ് മോട്ടോഴ്സ് ഇന്ത്യയിലെത്തിച്ചു. പക്ഷേ കമ്പനി ഹിറ്റായത് 1966ൽ തങ്ങളുടെ ഹെറാൾഡ് എന്ന മോഡലിന്റെ വരവോടെയായിരുന്നു. അക്കാലത്തെ സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. 1968ൽ പുറത്തിറങ്ങിയ മറ്റൊരു മോഡലായിരുന്ന 'ഗസൽ' മാർക്കറ്റിൽ തോൽവി ഏറ്റുവാങ്ങി. ശേഷം 'സ്റ്റാൻഡേർഡ് 20' എന്ന മോഡൽ കമ്പനിയെ വീണ്ടും വിജയപാതയിൽ എത്തിച്ചു. 'സ്റ്റാൻഡേർഡ് 2000' എന്ന മറ്റൊരു ശ്രദ്ധേയമായ മോഡൽ എത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. 2.2 ലക്ഷം രൂപയായിരുന്നു അന്ന് സ്റ്റാൻഡേർഡ് 2000ന്റെ വില. 1988ൽ കമ്പനിയുടെ പ്രവർത്തനം നിൽക്കുകയായിരുന്നു.
അക്കാലത്ത് രാജ്യത്തുണ്ടായിരുന്ന മറ്റു പ്രധാന വാഹന നിർമാതാക്കളായിരുന്നു സിപാനി, മഹീന്ദ്ര, ടാറ്റ, മാരുതി സുസുക്കി എന്നിവർ. 1982ൽ സിപാനി ഡോൾഫിൻ രംഗത്തെത്തി, 87ൽ മോണ്ടാനയും. തുടർന്ന് ഡി വൺ, റോവർ മോണ്ടേഗോ എന്നിവയെല്ലാം എത്തിയെങ്കിലും സിപാനിക്ക് ഇന്ത്യയിൽ തങ്ങളുടെ പ്രതീക്ഷക്കനുസരിച്ച് ശോഭിക്കാനായില്ല. മാരുതി 800 എന്ന വിപ്ലവനായകന് മുമ്പേ ഡോൾഫിൻ വിപണിയിൽ വരവറിയിച്ചിരുന്നു.
മാരുതി എന്ന വടവൃക്ഷം
ഇന്ത്യൻ പാസഞ്ചർ വാഹനങ്ങളുടെ 45 ശതമാനവും കയ്യടക്കിയിരിക്കുന്ന ബ്രാൻഡാണ് മാരുതി സുസുക്കി. മാരുതിയുടെ വാഹനത്തിൽ ഒരിക്കലെങ്കിലും സഞ്ചരിക്കാത്ത ഇന്ത്യക്കാർ വിരളമാണ്. ഇത്രത്തോളം ഇന്ത്യൻ വാഹനചരിത്രത്തെ സ്വാധീനിച്ച മറ്റൊരു കമ്പനിയുമില്ല. 1981ൽ ഇന്ദിരാഗാന്ധിയുടെ ഭരണകാലത്താണ് 'മാരുതി ഉദ്യോഗ്' എന്ന പേരിൽ കമ്പനി രൂപംകൊള്ളുന്നത്. ഇന്ത്യയിൽ സാധാരണക്കാർക്കും വാഹനം ലഭ്യമാക്കണമെന്ന ആശയമാണ് ഗവൺമെന്റിനെ മാരുതിയിലെത്തിച്ചത്. 1982ൽ ജാപ്പനീസ് ബ്രാൻഡായ സുസുക്കിയോട് കൂടിച്ചേർന്നു. പിന്നീട് നടന്നത് ചരിത്രമായിരുന്നു.
1983 ഡിസംബർ 14നാണ് ആദ്യ മാരുതി 800 കാർ പുറത്തിറങ്ങുന്നത്. അന്താരാഷ്ട്ര മാർക്കറ്റിലെ സുസുക്കിയുടെ SS80 എന്ന മോഡലായിരുന്നു അത്. ഇന്ത്യക്കുവേണ്ടി ചെറിയ മാറ്റങ്ങൾക്ക് വിധേയമായിരുന്നു. അന്ന് വിപണിയിലെ പ്രമുഖരായിരുന്ന അംബാസഡർ, പത്മിനി എന്നിവരുടെ മുകളിലേക്ക് മാരുതി 800ന്റെ വിൽപ്പന ഇടിച്ചുകയറി.ഹർപാൽ സിംഗ് എന്ന വ്യക്തിക്കാണ് ആദ്യ മാരുതി കാർ സ്വന്തമാക്കാനുള്ള ഭാഗ്യം ലഭിച്ചത്. ഇന്ദിരാഗാന്ധിയിൽ നിന്നാണ് ഇന്നും താൻ ഉപയോഗിക്കുന്ന ആ മാരുതി ഹർപാൽ ഏറ്റുവാങ്ങിയത്. അന്നത്തെ ബുക്കിംഗുകളിൽ നിന്ന് നറുക്കെടുപ്പിലൂടെയായിരുന്നു ഹർപാലിനെ തെരഞ്ഞെടുത്തത്. എന്നാൽ ഈ കാറിന്റെ രണ്ടാം മോഡലാണ് ഇന്ത്യൻ വിപണിയിൽ കൂടുതൽ തരംഗമായത്. ഇന്റർനാഷണൽ മാർക്കറ്റിൽ സുസുക്കിയുടെ ആൾട്ടോ എന്ന മോഡലായിരുന്നു അത്. 2002ൽ ഇന്ത്യയിൽ പുതിയ ആൾട്ടോ എത്തുന്നത് വരെ മാരുതി 800ന്റെ ആധിപത്യം തുടർന്നു.
1985ൽ ജിപ്സി, ഒമ്നി എന്നീ വാഹനങ്ങളും മാരുതി സുസുക്കി ജനങ്ങൾക്ക് സമർപ്പിച്ചു. ഇന്ത്യൻ സേനയിൽ വരെ ജിപ്സിയായിരുന്നു താരം, ഓംനി ആകട്ടെ ഇന്നും നമ്മുടെ നിരത്തുകളിലെ നിറസാന്നിധ്യമാണ്. പിന്നീട് 1990ല്‍ സുസുക്കിയുടെ കൾട്ടസിനെ 'മാരുതി 1000' എന്ന പേരിൽ ഇന്ത്യയിലെത്തിച്ചു. 1000ന്റെ പിൻഗാമിയായി എസ്റ്റീമും വന്നിരുന്നു. തുടർന്ന് സെൻ, ബലെനോ തുടങ്ങി വിവിധ പ്രൈസ് റേഞ്ചിലുള്ള കാറുകൾ മാരുതി സുസുക്കിക്ക് ഉണ്ടായിരുന്നു എന്നതാണ് പ്രത്യേകത. ഇടയ്ക്കു ബലേനോ (1999-2006), കിസാഷി (2011-14) , ഗ്രാൻഡ് വിറ്റാറ (2003-07) തുടങ്ങിയ മോഡലുകളാൽ ലക്ഷ്വറി സെഗ്മെന്റിലേക്കും കാലെടുത്തുവെച്ചെങ്കിലും വൻവിജയമായില്ല. എന്തൊക്കെയായാലും കാലമിത്രയായിട്ടും മാരുതി സുസുക്കിയുടെ ജൈത്രയാത്രയ്ക്ക് അന്ത്യമായിട്ടില്ല. സാധാരണക്കാർ തോളിലേറ്റിയ മാരുതി സുസുക്കി ഇന്നും പ്രതാപത്തോടെ തലയുയർത്തി നിൽക്കുകയാണ്.