കാത്തിരിപ്പിന് വിരാമം : പുതിയ ഹ്യുണ്ടായ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തി
2024ൽ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാഹനമാണ് പുതിയ ഹ്യുണ്ടായ് ക്രെറ്റ. ഏറെ ജനപ്രിയമായ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിനെ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. പുതിയ ക്രെറ്റയുടെ ഓൺ-റോഡ് വില 13.39 ലക്ഷം രൂപ മുതലാണ് കേരളത്തിൽ ആരംഭിക്കുന്നത്. 25.78 ലക്ഷം രൂപയാണ് ഉയർന്ന വേരിയന്റിന്റെ വില (ഓൺ-റോഡ് ). E, EX, S, S(O), SX, SX Tech , SX(O) എന്നിങ്ങനെ ഏഴ് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. എസ്‌യുവിയുടെ ബുക്കിംഗ് ഇതിനകം മുന്നേറിക്കൊണ്ടിരിക്കുകയാണ്. 25,000 രൂപയാണ് ബുക്കിംഗ് തുക.
ഡിസൈൻ
പുതിയ ക്രെറ്റയുടെ മുൻവശവും പിൻവശവും പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. രണ്ടറ്റം വരെ നീണ്ടു നിൽക്കുന്ന വിപരീത L ആകൃതിയിലുള്ള DRL, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പർ, വെള്ളിനിറത്തിലുള്ള സ്‌കിഡ് പ്ലേറ്റ്, വലിയ ഗ്ലോസ്-ബ്ലാക്ക് ഗ്രിൽ എന്നിവയാണ് മുൻവശത്തെ കാഴ്ച്ച കവരുന്നത്.
പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകൾ ഒഴികെ കാര്യമായ മാറ്റങ്ങൾക്കൊന്നും ക്രെറ്റ എസ്‌യുവിയുടെ വശങ്ങൾ വിധേയമായിട്ടില്ല. പിന്നിലേക്ക് നീങ്ങുമ്പോൾ പുത്തൻ ഡിസൈൻ ലഭിച്ച ബമ്പറിനൊപ്പം മുൻവശത്തെ പോലെ കണക്റ്റിംഗ് എൽഇഡി ടെയിൽലൈറ്റും അവതരിപ്പിക്കുന്നു.
റോബസ്റ്റ് എമറാൾഡ് പേൾ എന്ന ഏറ്റവും പുതിയ കളർ അടക്കം ഏഴ് നിറ വകഭേദങ്ങളിലാണ് പുത്തൻ ക്രെറ്റ എത്തുന്നത്. ഫിയറി റെഡ്, റേഞ്ചർ കാക്കി, അബിസ് ബ്ലാക്ക്, അറ്റ്‌ലസ് വൈറ്റ്, ടൈറ്റൻ ഗ്രേ, അറ്റ്‌ലസ് വൈറ്റ്, ബ്ലാക്ക് റൂഫ് എന്നിവയാണ് മറ്റു കളർ ഓപ്ഷനുകൾ.
ഇന്റീരിയർ
പുതിയ ക്രെറ്റയുടെ അകത്തേക്ക് കയറിയാൽ പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്ത ഭംഗിയുള്ള ഡാഷ്ബോർഡും സെന്റർ കൺസോളും കാണാം. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും വേണ്ടിയുള്ള രണ്ട് കൂറ്റൻ സ്‌ക്രീനുകളാണ് ക്യാബിന്റെ ഹൈലൈറ്റ്. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, മൾട്ടി-കളർ ആംബിയന്റ് ലൈറ്റിംഗ്, ബോസ് സൗണ്ട് സിസ്റ്റം, പവേർഡ് ഡ്രൈവർ സീറ്റ്, ബ്ലൂ ലിങ്ക് കണക്റ്റഡ് കാർ ടെക്, വോയ്‌സ് കമാൻഡുകൾ, ഒടിഎ അപ്‌ഡേറ്റുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ഹ്യുണ്ടായ് കമ്പനിയുടെ മറ്റ് മോഡലുകളിലുള്ള എയർ പ്യൂരിഫയർ ക്രെറ്റയിലും ഉണ്ടായേക്കും.
സുരക്ഷ
ആറ് എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്. ഫോർവേഡ് കൊളിഷൻ വാർണിംഗ്, ഫോർവേഡ് കൊളിഷൻ-അവോയിഡൻസ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഫോളോവിംഗ് അസിസ്റ്റ്, സ്മാർട്ട് ക്രൂയിസ് കൺട്രോൾ തുടങ്ങിയ ലെവൽ-2 ADAS ഫീച്ചേഴ്‌സുകളും എസ്‌യുവി ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇവക്ക് പുറമെ വേറെയും നിരവധി സവിശേഷകൾ ക്രെറ്റയിലെ അഡാസ് സ്യൂട്ടിലുണ്ട്.
പവർട്രെയിൻ
115 PS 144 Nm ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ, 116 PS 250 Nm ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ ഡീസൽ, 160 PS 253 Nm ഉൽപാദിപ്പിക്കുന്ന ടർബോ പെട്രോൾ എഞ്ചിൻ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളാണ് പുതിയ ക്രെറ്റയ്ക്ക് കരുത്തു പകരുന്നത്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6-സ്പീഡ് MT, iMT, CVT, 6-സ്പീഡ് AT, 7-സ്പീഡ് DCT എന്നിവ ഉൾപ്പെടുന്നു. മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിൽ കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ്, എംജി ആസ്റ്റർ, സ്‌കോഡ കുശാക്ക്, ഫോക്സ്‌വാഗൺ ടൈഗുൺ എന്നിവയോടുള്ള മത്സരം തുടർന്നേക്കും.