ഹ്യുണ്ടായ് എക്സ്റ്റർ : സെഗ്മെന്റിലേക്കൊരു പഞ്ച്
ഇന്ത്യൻ കാർ വിപണിയിലെ പ്രായം കുറഞ്ഞ സെഗ്മെന്റുകളിലൊന്നാണ് മൈക്രോ എസ്‌യുവി എന്ന സെഗ്മെന്റ്. 2021 ഒക്ടോബറിൽ ടാറ്റ പഞ്ചിന്റെ വരവോടെയാണ് ഈ സെഗ്മെന്റ് ഉടലെടുത്തത്. ജനങ്ങൾക്കിടയിൽ എസ്‌യുവികളോടുള്ള ഏറിയ പ്രീതി തന്നെയാണ് വാഹന നിർമ്മാതാക്കൾ ഈ സെഗ്മെന്റിനെക്കുറിച്ച് ചിന്തിക്കാൻ പോലും ഇടയാക്കിയത്. എന്തിനേറെ, ചെറുകാറുകൾ ആണെങ്കിൽ പോലും എസ്‌യുവിയുടെ രൂപത്തിലുള്ളവയ്ക്ക് മാത്രമേ ഉപഭോക്താവുള്ളൂ എന്നതാണ് വിപണിയിലെ സ്ഥിതി. മൈക്രോ എസ്‌യുവി സെഗ്മെന്റിൽ ഇതുവരെയുണ്ടായിരുന്ന ടാറ്റ പഞ്ച്, സിട്രോൺ c3 എന്നിവരുടെ ദ്വന്ദയുദ്ധത്തിലേക്ക് മൂന്നാമതൊരു എതിരാളികൂടി അങ്കത്തിനെത്തിയിരിക്കുകയാണ്. അതാണ് ഹ്യൂണ്ടായ് എക്സ്റ്റർ. നിലവിലെ മുന്നേറ്റക്കാരനായ പഞ്ചിനെ ഒതുക്കാനുള്ള എല്ലാവിധ സന്നാഹങ്ങളോടും കൂടിയാണ് എക്സ്റ്ററിന്റെ വരവ്.
പഞ്ചിനോട് ഏറ്റുമുട്ടാൻ ഹ്യൂണ്ടായ് തങ്ങളുടെ അന്താരാഷ്ട്ര മാർക്കറ്റിലെ കുഞ്ഞൻ എസ്‌യുവിയായ ക്യാസ്പറിനെ ഇറക്കിയേക്കും എന്നായിരുന്നു അഭ്യൂഹം. എന്നാൽ ക്യാസ്പെറിന് പകരം ഇന്ത്യക്കാർക്കായി പ്രത്യേകം രൂപപ്പെടുത്തിയ പുതിയ വാഹനമായ എക്സ്റ്ററിനെയാണ് കമ്പനി സമ്മാനിച്ചത്. അങ്ങനെ ജൂലായ് 10നാണ് ഹ്യുണ്ടായുടെ ഇന്ത്യയിലെ എട്ടാമത്തെ എസ്‌യുവി അവതരിപ്പിക്കപ്പെട്ടത്. ആഴ്ചകൾക്കകം തന്നെ പതിനായിരക്കണക്കിന് ബുക്കിങ്ങുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഡെലിവറിയും ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ആയിരം കോടി രൂപയാണ് ഹ്യുണ്ടായ് എക്സ്റ്ററിനായി നിക്ഷേപിച്ചിട്ടുള്ളത്. ഇത് നിർമ്മാതാക്കൾ ഈ എസ്‌യുവിയിൽ എത്രത്തോളം പ്രതീക്ഷയർപ്പിക്കുന്നു എന്നതിന്റെ സൂചകമാണ്. നേരിട്ട് പഞ്ചിനെയാണ് എതിരിടുന്നതെങ്കിലും എക്സ്റ്ററിന്റെ വരവ് ഇഗ്നിസ്, കൈഗർ തുടങ്ങി മറ്റുപല വാഹനങ്ങളുടെയും വില്പനയെയും ബാധിക്കുമെന്നുറപ്പാണ്.
ഡിസൈൻ
ഹ്യുണ്ടായ് യുടെ പുതിയ ഡിസൈൻ തീമിൽ പുറത്തിറങ്ങിയ ആദ്യ മോഡലാണ് എക്സ്റ്റർ. ഇതേ ഡിസൈൻ തീമിൽ തന്നെയായിരിക്കും ബ്രാൻഡിന്റെ വരാനിരിക്കുന്ന എസ്‌യുവികളെല്ലാം പ്രത്യക്ഷപ്പെടുക. കഴിഞ്ഞയാഴ്ച ആഗോളതലത്തിൽ അവതരിപ്പിക്കപ്പെട്ട പുതിയ സാന്റാഫെ ഇതിന് ഉദാഹരണമാണ്. ഗ്രാൻഡ് ഐ10 നിയോസാണ് ഈ എക്സ്റ്ററിന്റെ അടിസ്ഥാനമെങ്കിലും കാഴ്ചയിൽ എസ്‌യുവി സ്വഭാവം ഉൾകൊള്ളിക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട് താനും. അതിന്റെ ഭാഗമായി നൽകിയ ക്ലാഡിങ്, വലിയ വീൽ ആർച്ച്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, സെഗ്മെന്റിലാദ്യമായി റൂഫ് റെയിൽ എന്നീ ഘടകങ്ങളെല്ലാം ഭംഗിയിൽ കൂട്ടിയിണക്കിയിട്ടുണ്ട്.
ചെറിയ കൊത്തുപണികൾ പോലെയുള്ള ടെക്സ്ചറുകളുള്ള പിയാനോ ബ്ലാക്ക് മെറ്റീരിയൽ ഗ്രില്ലിലടക്കം പലയിടങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. കാറിന്റെ വശക്കാഴ്ചയിൽ വെന്യൂവിനെയാണ് സ്മരിക്കുക. പക്ഷേ കമ്പനിയുടെ പേരിന്റെ ആദ്യാക്ഷരമായ 'H' എന്നത് മുൻവശത്തെ DRL-ഉം പിൻവശത്തെ ബ്രേക്ക്ലാംപുമായി രൂപപ്പെടുത്തിയിട്ടുള്ളതാണ് ഡിസൈനിലെ മറ്റൊരു ഹൈലൈറ്റ്. 15 ഇഞ്ചിന്റെ വീലുകളാണ് ഉയർന്ന വേരിയന്റുകളിൽ ഉള്ളതെങ്കിലും 16 ഇഞ്ചിന്റെ വീലെങ്കിലും നൽകാമായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായവും ഇല്ലാതില്ല.
ഇന്റീരിയർ
എക്സ്റ്ററിനുള്ളിൽ കയറിയ ഏതൊരാളും ചോദിച്ചുപോകും ഈ ചെറിയ കാറിനെങ്ങനെ ഇത്രയും വിശാലമായ ഉൾവശം എന്ന്. അതിവിശാലമെന്നല്ല അർത്ഥമാക്കുന്നത്, എങ്കിലും ഈ വലിപ്പമുള്ള കാറിൽ ഇത്രയും സ്പേസ് ആദ്യമായാവും. വലിയ വീൽബേസ് കാരണമാണിത് എന്ന് പറയാമെങ്കിലും കാറിന്റെ സ്പേസ് മാനേജ്മെന്റിന്റെ കാര്യത്തിൽ കമ്പനിയെ അഭിനന്ദിക്കേണ്ടതുണ്ട്. പേരിലും കാഴ്ചയിലും കുഞ്ഞൻ കാറാണെങ്കിലും മികച്ച ലെഗ്റൂമും, ഹെഡ്റൂമും എക്സ്റ്ററിനുണ്ട്. എന്നാൽ ബൂട്ട്സ്പേസിൽ വിട്ടുവീഴ്ച വരുത്തിയിട്ടുണ്ടാവും എന്ന് കരുതി ബൂട്ടിലേക്ക് നോക്കുമ്പോൾ അവിടെയുമുണ്ട് 390 ലിറ്റർ സ്പേസ്.
ഗ്രാൻഡ് ഐ10 നിയോസിനുള്ള ഡാഷ് ബോർഡാണ് എക്സ്റ്ററിനുമുള്ളത്. ഈ സെഗ്മെന്റിലെ ഏറ്റവും നിലവാരമുള്ള ഡാഷ്ബോർഡും ഇതുതന്നെയാവും. കാറിന്റെ വലിയ windshield മികച്ച വിസിബിലിറ്റി തരുന്നുണ്ട്. പക്ഷേ വിൻഡ്ഷീൽഡിലെ ശ്രദ്ധിക്കപ്പെടുന്ന ഘടകം കാറിനോടൊപ്പം വന്നിട്ടുള്ള high definition Dashcameraയാണ്. ഇരുവശങ്ങളിലേയും, അതായത് കാറിനു പുറത്തേയും അകത്തെയും കാഴ്ചകൾ ഇതിൽ പകർത്താനാവും. ഉയരം ക്രമീകരിക്കാവുന്ന മുൻനിര സീറ്റുകളാണെങ്കിലും മുൻനിരയിലും പിന്നിരയിലും arm rest സൗകര്യമില്ല. എങ്കിലും ഈയൊരു സെഗ്മെന്റിൽ, ഈ പ്രൈസ് റേഞ്ചിൽ ഇതൊക്കെ തന്നെ ധാരാളം എന്ന് പറയാം. പിൻനിര സീറ്റുകൾ രണ്ടുപേർക്ക് സുഖകരമായി യാത്ര ചെയ്യാമെങ്കിലും മൂന്ന് പേരാണെങ്കിൽ അത്ര ഉചിതമാവണമെന്നില്ല.
ഫീച്ചേഴ്സ്
ഹ്യുണ്ടായ് എന്ന ബ്രാൻഡിൽ നിന്നും ഒരു മോഡൽ പ്രതീക്ഷിക്കുമ്പോൾ അവയിൽ അഭിവാജ്യമായ ഒന്നാണ് കാർനിറയെ ഫീച്ചേഴ്സ് എന്നത്. പ്രീമിയം കാറുകളിൽ മാത്രം കണ്ടിരുന്ന പല ഫീച്ചറുകളും സാധാരണക്കാരനും യാഥാർത്ഥ്യമാക്കിക്കൊടുത്ത കമ്പനി എക്സ്റ്ററിലും ഒരുക്കിയിട്ടുണ്ട് ഒരുപാട് ഫീച്ചേഴ്സ്. ഫീച്ചേഴ്സ് തന്നെയാണ് എക്സ്റ്ററിനെ എതിരാളികളിൽ നിന്നും വേറിട്ടു നിർത്തുന്നത്. പാഡിൽ ഷിഫ്റ്ററുകൾ, ആംബിയന്റ് സൗണ്ടിങ്, വയർലെസ്സ് മൊബൈൽ ചാർജർ, സൺറൂഫ്, ഡാഷ്ക്യാമറ, ക്രൂയ്‌സ് കണ്ട്രോൾ, ഹിൽ ഹോൾഡ് അസ്സിസ്റ്റ്, നിരവധി ഭാഷകളിൽ പ്രവത്തിപ്പിക്കാവുന്ന ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്ക്രീൻ തുടങ്ങി സെഗ്മെന്റിലേക്കാദ്യമായി വന്നിട്ടുള്ള ഫീച്ചേഴ്സ് കണ്ടാൽ അമ്പരന്നുപോകും. ഇവയ്ക്ക് പുറമേ നിരവധി കണക്റ്റിവിറ്റി ഫീച്ചറുകളും എക്സ്റ്ററിലുണ്ട്. ഈയൊരു പ്രൈസ് റേഞ്ചിൽ 6 എയർബാഗുകൾ താഴ്ന്ന വേരിയന്റുകളിൽ പോലും ലഭിക്കുന്ന ഏക വാഹനവും എക്സ്റ്ററാണ്.
എൻജിൻ
നിയോസിനെ ചലിപ്പിക്കുന്ന 1.2 ലിറ്റർ കാപ്പ പെട്രോൾ എൻജിനാണ് ഈ കാറിലുമുള്ളത്. കമ്പനിയുടെ ചെറിയ എൻജിനുകളെയാണ് കാപ്പ എന്ന പേരിൽ ഹ്യുണ്ടായ് വിളിക്കുന്നത്. 15 വർഷം പഴക്കമുള്ള എൻജിനാണിതെങ്കിലും ഇക്കാലയളവിൽ നിരവധി പുരോഗമന പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. അങ്ങനെ ഏറ്റവും പുതിയ രീതിയിലാണ് എൻജിൻ എക്സ്റ്ററിലെത്തിയിട്ടുള്ളത്.
മോശമല്ലാത്ത ഇന്ധനക്ഷമതയും (19.2 kmpl) കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും എൻജിൻ ഉല്പാദിപ്പിക്കുന്ന കരുത്ത് എതിരാളിയായ പഞ്ചിനെക്കാൾ 4 ബിഎച്പി കുറവാണ്. പെട്രോളിന് ഒപ്പം സിഎൻജി ഉള്ള വേരിയന്റും ലഭ്യമാണ്. പെട്രോൾ വേരിയന്റുകൾക്ക് 82 ബിഎച്പി വരെ കരുത്ത് ഉത്പാദിപ്പിക്കാനാവുമ്പോൾ സിഎൻജിയിൽ ഓടിക്കുമ്പോൾ 69 ബിഎച്ച്പിയിലേക്ക് ചുരുങ്ങും. 113 ന്യൂട്ടൻമീറ്ററാണ് പെട്രോൾ എൻജിന്റെ കൂടിയ ടോർക്ക്. 27 കിലോമീറ്ററാണ് സിഎൻജി വേരിയന്റിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
വിലയിരുത്തൽ
നിലവിൽ സെഗ്മെന്റിലെ ഏറ്റവും മികച്ച കാർ എക്സ്റ്റർ ആണെന്ന് പറയാം. ഈയൊരു പ്രൈസ് റേഞ്ചിൽ ഇത്രയുമധികം ഫീച്ചേഴ്സുകളും, മോശമല്ലാത്ത ഡ്രൈവും, ഹ്യുണ്ടായ് പോലെയുള്ള ബ്രാൻഡിന്റെ സർവീസിലെയും മെയ്ന്റനൻസിലെയും വിശ്വാസ്യതയും വേണ്ടവർക്ക് എടുക്കാവുന്ന മികച്ച ഓപ്ഷനാണ് എക്സ്റ്റർ. 7 ലക്ഷം മുതൽ 12 ലക്ഷം വരെയാണ് കാറിന്റെ ഓൺ-റോഡ് വില. ഓടിയ കിലോമീറ്റർ എത്രയായാലും മൂന്നുവർഷത്തെ വാറന്റിയും കമ്പനി ഉറപ്പുനൽകുന്നുണ്ട്.