ഹ്യുണ്ടായ് വെന്യു VS ടാറ്റ നെക്സോൺ: ഏതാണ് മികച്ചത്
ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലക്ഷക്കണക്കിന് യൂണിറ്റുകൾ വിറ്റഴിച്ചു നിർമാതാക്കളുടെ കരുത്തായി മാറിയ രണ്ട് മോഡലുകളാണ് ഹ്യുണ്ടായ് വെന്യുവും ടാറ്റ നെക്സോണും. ഈ രണ്ട് എസ്‌യുവികളെയും സ്വന്തമാക്കിയവരും സംതൃപ്തരാണ്. എന്നാൽ സബ്-ഫോർ മീറ്റർ എസ്‌യുവി സെഗ്മെന്റിൽ ഇവ തമ്മിൽ മത്സരിക്കുമ്പോൾ ഇവയിൽ ഏതെടുക്കണമെന്ന തീരുമാനം ബുദ്ധിമുട്ടേറിയതാണ്. ഫൈവ് സ്റ്റാർ സുരക്ഷയാണ് ടാറ്റ നെക്സോണിന്റെ ആയുധമെങ്കിൽ ആധുനിക ഫീച്ചേഴ്സുകളുടെ ശേഖരമാണ് വെന്യുവിന്റെ യുഎസ്പി.
ഡിസൈൻ
ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നിരവധി മാറ്റങ്ങൾക്ക് വിധേയമായ പുതിയ നെക്സോൺ പുറത്തിറങ്ങിയത്. കഴിഞ്ഞ മാസം ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ട എസ്‌യുവികളിൽ ഒന്നാമനായിരുന്നു നെക്സോൺ. വ്യത്യസ്തമായ ഡിസൈനോട് കൂടിയാണ് നെക്സോൺ വന്നിട്ടുള്ളത്. ആകർഷകമായ നിരവധി ഘടകങ്ങൾ നെക്സോണിന്റെ ഡിസൈനിൽ ഉൾക്കൊണ്ടിട്ടുണ്ട്.
നെക്സോണുമായി താരതമ്യം ചെയ്യുമ്പോൾ ബോക്സി ഡിസൈൻ ആണ് വെന്യുവിന്. ആകർഷകമായ എസ്‌യുവി ഫീൽ നൽകുന്ന ലൂക്കാണ് കാറിന്. നെക്സോണിനെക്കാളും 11 മില്ലീമീറ്റർ ഉയരം കൂടുതലുള്ളത് ഹ്യുണ്ടായ് വെന്യുവിനാണെങ്കിലും വീതിയും ഗ്രൗണ്ട് ക്ലിയറൻസും കൂടുതൽ നെക്സോണിനാണ്.
ഇന്റീരിയർ
മികച്ച ഫിറ്റ് ആൻഡ് ഫിനിഷുള്ള ഡാഷ്ബോർഡാണ് ഹ്യുണ്ടായ് വെന്യുവിൽ. എന്നാൽ നെക്സോണിലെ ഡാഷ്ബോർഡ് അത്രത്തോളം നിലവാരം തോന്നിക്കുന്നില്ല.
6 വിധത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകളാണ് നെക്സോണിലുള്ളതെങ്കിൽ വെന്യുവിൽ 4 വിധത്തിൽ മാത്രമേ ക്രമീകരിക്കാനാവൂ. മാത്രമല്ല വെന്യു കാറിന്റെ രണ്ടാം നിര സീറ്റ് മൂന്ന് പേർക്ക് യാത്ര ചെയ്യാൻ ഉചിതമല്ല. വാഹനത്തിന്റെ വീതി കുറവ് തന്നെയാണ് അതിനു കാരണം. പക്ഷെ അത്യാധുനിക ഫീച്ചേഴ്‌സുകളുടെ നീണ്ട നിര തന്നെയുണ്ട് വെന്യുവിൽ.
ഗ്ലോബൽ ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷ നേടിയാണ് നെക്സോണിന്റെ നിൽപ്പ്. വെന്യു ഇതുവരെ ക്രാഷ് ടെസ്റ്റിന് വിധേയമായിട്ടില്ല.
എൻജിൻ
1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ ഡീസൽ എന്നീ രണ്ട് എൻജിൻ ഓപ്ഷനുകളാണ് ടാറ്റ നെക്സോണിന് ഉള്ളത്. ഇവയുമായി മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമാണ്. പെട്രോൾ എൻജിൻ 118 bhp കരുത്തും 170 Nm ടോർക്കും ഉൽപാദിക്കുമ്പോൾ, ഡീസൽ എൻജിൻ 113 bhp കരുത്തും 260 Nm ടോർക്കും ഉൽപാദിപ്പിക്കും.
ഹ്യുണ്ടായ് വെന്യുവിൽ 1 ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ മൂന്ന് എൻജിൻ ഓപ്ഷനുകൾ ലഭിക്കുന്നുണ്ട്. 118 bhp, 82 bhp, 114 bhp എന്നിവയാണ് ഈ മൂന്ന് എൻജിനുകളും ഉൽപാദിപ്പിക്കുന്ന ഉയർന്ന കരുത്ത്. യഥാക്രമം 172 Nm, 114 Nm, 150 Nm ടോർക്കും ഈ മൂന്ന് എൻജിനുകൾക്ക് ഉൽപാദിപ്പിക്കാനാവും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനും ലഭിക്കുന്നുണ്ട്.
വില
9.45 ലക്ഷം രൂപ മുതൽ 16.29 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായ് വെന്യുവിന്റെ ഓൺ-റോഡ് വില. 9.68 ലക്ഷം രൂപ മുതലാണ് ടാറ്റ നെക്സോണിന്റെ വില ആരംഭിക്കുന്നത്. 19.12 ലക്ഷം രൂപയാണ് ഉയർന്ന വേരിയന്റിന്റെ ഓൺ-റോഡ് വില.
വിലയിരുത്തൽ
കൂടുതൽ ഫീച്ചേഴ്സ്, നിലവാരമുള്ള ഇന്റീരിയർ, നിരവധി പവർട്രെയിൻ ഓപ്ഷനുകൾ, കുറഞ്ഞ വില എന്നിവയാണ് വെന്യുവിനെ മികച്ചതാക്കുന്നത്. ഡീസൽ എഞ്ചിനോടൊപ്പം ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭ്യമല്ല എന്നത് പോരായ്മയാണ്.
പുതിയ സ്റ്റൈലിങ്, ഫൈവ് സ്റ്റാർ സുരക്ഷ, വെന്യുവിനെക്കാളും വീതി, മികച്ച സസ്‌പെൻഷൻ എന്നിവ വേണ്ടവർക്ക് നെക്സോൺ തെരഞ്ഞെടുക്കാം. വെന്യുവിനെക്കാളും റിഫൈൻമെന്റ് കുറഞ്ഞ എൻജിനാണ് നെക്സോണിലുള്ളത് എന്നതും കണക്കിലെടുക്കണം.