കരുത്തനായ ഡസ്റ്റർ തിരിച്ചെത്തുന്നു?
ഇന്ത്യയിൽ കോംപാക്റ്റ് എസ്‌യുവി വിപ്ലവത്തിന് തുടക്കമിട്ട കാറായിരുന്നു റെനോ ഡസ്റ്റർ. എന്നാൽ വർഷങ്ങൾ നീണ്ടുനിന്ന ഡസ്റ്ററിന്റെ വിജയയാത്ര അസ്തമിച്ച വാർത്ത ഞെട്ടലോടെയാണ് പിന്നീടൊരിക്കൽ വാഹനപ്രേമികൾ കേട്ടത്. ഇനി ഇന്ത്യൻ മണ്ണിൽ റെനോ ഡസ്റ്റർ ഉണ്ടാവില്ല എന്നത് പലരെയും നിരാശപ്പെടുത്തി. പക്ഷെ ഡസ്റ്റർ എസ്‌യുവി ഇന്ത്യലേക്ക് തിരികെയെത്തും എന്ന ശുഭസൂചനകളാണ് നിലവിൽ കാണുന്നത്. റെനോ-ഡാസിയ സഖ്യം അടുത്തിടെ ആഗോളതലത്തിൽ പുറത്തിറക്കിയ പുതിയ മൂന്നാം തലമുറ ഡസ്റ്റർ ഇന്ത്യയിലും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ എസ്‌യുവികളുടെ നീണ്ട നിര തന്നെ നിലവിലുള്ളപ്പോൾ ഇന്ത്യയിൽ ആദ്യമായി ഡസ്റ്റർ ലോഞ്ച് ചെയ്തപ്പോഴുള്ള സ്വീകരണം ഈ വരവിലും കാറിന് നേടാൻ കഴിയുമോ?
എക്സ്റ്റീരിയർ
പുതിയ ഡസ്റ്റർ കൂടുതൽ ചതുരാകൃതിയിലേക്ക് (boxy design) മാറിയിട്ടുണ്ട്. നീളവും ഉയരവുമുള്ള ബോണറ്റ് എസ്‌യുവിക്ക് ഇപ്പോഴും പഴയ എടുപ്പ് നൽകുന്നുണ്ട്. ഇത് ഇന്ത്യ-സ്പെക്ക് മോഡലിന് മധ്യഭാഗത്ത് റെനോ ലോഗോ സ്ഥാപിച്ചേക്കും. മുൻ മോഡലുകളിൽ നമ്മൾ കണ്ടതിന് സമാനമായി ഡിസൈൻ നിലനിൽക്കുമെങ്കിലും ഗ്രിൽ ട്വീക്ക് ചെയ്യുമെന്നാണ് വാർത്ത. വാഹനത്തിന്റെ എയർ ഡാമുകളും പുതുക്കിയിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഗംഭീരമായ രൂപമാണ് പുതിയ ഡസ്റ്ററിന് ലഭിച്ചിട്ടുള്ളതെന്ന് പറയാം.
ഇന്റീരിയർ
ക്യാബിൻ വളരെയധികം പുരോഗതി നേടിയിട്ടുണ്ടെന്നും നിരവധി ആധുനിക സംവിധാനങ്ങൾ പുതുതായി വന്നിട്ടുണ്ടെന്നും പുതിയ ഡാസിയ ഡസ്റ്ററിന്റെ ഇന്റീരിയർ ചിത്രങ്ങളിൽ നിന്നും വ്യക്തമാക്കാം. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്ത് വലിയ ഫ്ലോട്ടിംഗ് ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനുമുണ്ട്. ADAS, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, കൂടാതെ ഇന്ന് വിൽപ്പനയ്‌ക്കെത്തുന്ന മറ്റ് ഇടത്തരം എസ്‌യുവികളിൽ കാണുന്നതുപോലെയുള്ള പുതിയ സാങ്കേതിക വിദ്യകളുമായി ഡസ്റ്ററിനെയും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കാം. CMF-B പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന പുതിയ ഡസ്റ്റർ സെഗ്‌മെന്റ്-ലീഡിംഗ് ക്യാബിൻ സ്‌പെയ്‌സും വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നു.
പവർട്രെയിൻ
കാലഹരണപ്പെട്ട ഇന്റീരിയർ മാത്രമല്ലായിരുന്നു ഡസ്റ്റർ നമ്മുടെ വിപണിയിൽ നിന്ന് പുറത്തുപോകാനുള്ള കാരണം. ഡീസൽ എഞ്ചിനുകളുടെ അഭാവമായിരുന്നു അത്. ഇപ്പോൾ പെട്രോൾ എഞ്ചിനുകളാൽ പ്രവർത്തിക്കുന്ന എസ്‌യുവികളിലേക്ക് വിപണി വ്യാപിക്കുമ്പോൾ ടർബോ-പെട്രോൾ ഓപ്ഷനുകൾക്കൊപ്പമായിരിക്കും പുതിയ ഡസ്റ്റർ എത്തുക എന്നാണ് പ്രതീക്ഷ. മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. AWD വേരിയന്റുകൾ ഉണ്ടാവുമോ എന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര തുടങ്ങി നിരവധി എസ്‌യുവികൾ ഇപ്പോഴും ഈ സെഗ്‌മെന്റിൽ ലാഭം കൊയ്യുന്നു. ഒരുപക്ഷേ അടുത്ത വർഷം ഇക്കൂട്ടത്തിലേക്ക് ഡസ്റ്ററും തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.