ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി Skoda Enyaq
ഐറിഷ് ഭാഷയിൽ ‘Enya’ എന്നാൽ ജീവിതത്തിന്റെ ഉറവിടം എന്നാണർത്ഥം. ഇതിൽ നിന്നാണ് Enyaq എന്ന ഇലക്ട്രിക് SUVയുടെ ഉത്ഭവം. ചെക്ക് റിപ്പബ്ലിക്കൻ കാർ നിർമ്മാണ കമ്പനിയായ Skoda-യുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് Enyaq. 2022-ൽ ആയിരുന്നു കാറിനെ അന്താരാഷ്ട്ര വിപണിയിലേക്ക് അവതരിപ്പിച്ചത്. യൂറോപ്പിൽ വൻവിജയമായ ഈ മോഡലിനെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഒരുങ്ങിയിരിക്കുകയാണ് സ്‌കോഡ. 2024 ഭാരത് മൊബിലിറ്റി ഷോയിൽ വെച്ചായിരിക്കും Enyaq ഇന്ത്യൻ വാഹന വിപണിയിലേക്ക് പ്രവേശിക്കുക എന്നാണ് പ്രതീക്ഷ. ഫെബ്രുവരി 1 മുതൽ 3 വരെയാണ് ഡൽഹിയിൽ വെച്ച് എക്സ്പോ നടക്കുക. എക്സ്പോയിൽ ഫോക്സ്‌വാഗണിന്റെ സ്റ്റാളിലെ മുഖ്യ ആകർഷണം എന്യാക് ആയിരിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയിലേക്ക് വരാനിരിക്കുന്ന വേരിയന്റുകളുടെ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ലെങ്കിലും ഇന്റർനാഷണൽ മാർക്കറ്റിൽ 50, 60, 80, 80X, vRS എന്നിങ്ങനെ അഞ്ച് വേരിയൻറ്റുകളിലാണ് സ്‌കോഡ എന്യാക്ക് ലഭ്യമാവുന്നത്. 500 മുതൽ 550 കിലോമീറ്റർ വരെ റേഞ്ചും ഒപ്പം ഓൾ വീൽ ഡ്രൈവ് സംവിധാനവും വാഗ്ദാനം ചെയ്യുന്ന പതിപ്പായിരിക്കും ഇന്ത്യയിലെത്തിക്കുക എന്നാണ് സൂചന. ADAS സ്യൂട്ട്, 360-ഡിഗ്രി ക്യാമറ, ഇരട്ട-ഡിജിറ്റൽ ഡിസ്പ്ലേകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി എന്നിവയും ഫീച്ചറുകളുടെ ലിസ്റ്റിൽ ഇടംപിടിച്ചേക്കും. ഇതിൽ ഭൂരിഭാഗം ഘടകങ്ങളും സഹോദര കാറായ ഫോക്സ്‌വാഗൺ ID4 GTX-മായി സമാനമായിരിക്കും.
അന്താരാഷ്ട്ര വിപണിയിലെ Enyaq 302 bhp ഉയർന്ന കരുത്ത് ഉൽപാദിപ്പിക്കുന്നുണ്ട്. നിലവിൽ CBU ആയി വിപണിയിലെത്തിക്കാൻ ആണ് സ്‌കോഡയുടെ പ്ലാനെങ്കിലും ഭാവിയിൽ എന്യാക്കിന്റെ ഡിമാൻഡിനെ അടിസ്ഥാനമാക്കി CKD ആയി മാറാനും സാധ്യതയുണ്ട്. കമ്പനിയുടെ ഔറംഗബാദ് പ്ലാൻ്റിൽ വെച്ചായിരിക്കും CKD അസംബിൾ ചെയ്യുക. Hyundai Ionic 5, Kia ev6 എന്നിവരാണ് എന്യാക്ക് എസ്‌യുവിയുടെ മുഖ്യ എതിരാളികൾ. 50 മുതൽ 55 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.