ടാറ്റ ഹാരിയർ vs മഹീന്ദ്ര XUV700 - ഏതാണ് മികച്ചത്
ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ മാസമാണ് തങ്ങളുടെ ഹാരിയർ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ പുറത്തിറക്കിയത്. എന്നാൽ ഏറെ കാലമായി ജനങ്ങൾക്കിടയിലുള്ള ചോദ്യമാണ് മഹീന്ദ്ര XUV700 ആണോ ടാറ്റ ഹാരിയറാണോ മികച്ച ഓപ്ഷൻ എന്നത്. ആവശ്യക്കാർക്ക് ഇതിനുള്ള ഉത്തരം നൽകാൻ തന്നെയാണ് ഞങ്ങളും തീരുമാനിച്ചിട്ടുള്ളത്. 2023 ഹാരിയറും അതിന്റെ പ്രധാന എതിരാളികളിലൊന്നായ മഹീന്ദ്ര XUV700-യും തമ്മിലുള്ള പോരിൽ ഏതാണ് മികച്ചതെന്ന് നോക്കാം.
എക്സ്റ്റീരിയർ:
ടാറ്റ മോട്ടോഴ്‌സ് പുതിയ ഹാരിയറിന് പൂർണ്ണമായ ഡിസൈൻ അപ്‌ഡേറ്റ് നൽകിയിട്ടുണ്ട്. ബോണറ്റിന്റെയും ടെയിൽഗേറ്റിന്റെയും വീതിയിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റ് ബാർ ആണ് മുൻവശത്തും പിന്നിലും ഉള്ളത്. മുൻവശത്ത്, പുതിയ എൽഇഡി ഡിആർഎല്ലുകൾക്കൊപ്പം ഒരു പുതിയ ഗ്രിൽ ഡിസൈനും ലഭിക്കുന്നുണ്ട്. 19 ഇഞ്ചിന്റെ അലോയ് വീലുകളും പുതിയതാണ്. പിൻവശത്തെ സ്റ്റൈലിംഗിൽ പുതിയ നെക്‌സോണിന് സമാനമായ എൽഇഡി ടെയിൽ ലാമ്പുകൾ, ട്വീക്ക് ചെയ്ത പിൻ ബമ്പർ, ടെയിൽഗേറ്റിലെ 'HARRIER' ബാഡ്ജ് എന്നിവ ഉൾപ്പെടുന്നു.
സ്‌പോർട്ടി ലുക്ക്, കൂറ്റൻ ബോണറ്റ്, എൽഇഡി ഡിആർഎല്ലുകളടങ്ങിയ ഒരുകൂട്ടം എൽഇഡി ഹെഡ്‌ലാമ്പുകൾ, വെർട്ടിക്കൽ ബാറുകളുള്ള പുതിയ ഫ്രണ്ട് ഗ്രിൽ എന്നിവയാണ് XUV700യുടെ ഡിസൈൻ ഹൈലൈറ്റുകൾ. ഓട്ടോമാറ്റിക് പോപ്പ് ഔട്ട് ചെയ്യുന്ന ഡോർ ഹാൻഡിലുകളാണ് ഈ എസ്‌യുവിക്കുള്ളത്. മാത്രമല്ല സെഗ്മെന്റിൽ ഈ സംവിധാനമുള്ള ഏക കാറും XUV700 ആണ്. 18 ഇഞ്ച് അലോയ് വീലുകളാണുള്ളത്. പിൻഭാഗത്ത് ഇതിന് arrow ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ, വാഷറുള്ള റിയർ വൈപ്പർ, പവേർഡ് ടെയിൽഗേറ്റ് എന്നിവ ലഭിക്കുന്നുണ്ട്.
ഇന്റീരിയർ:
എക്സ്റ്റീരിയർ പോലെ തന്നെ പുതിയ ഹാരിയറിന്റെ ഇന്റീരിയറും നിരവധി മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. പഴയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനിന് പകരം 12.3 ഇഞ്ച് സ്‌ക്രീനും, വയർലെസ് മൊബൈൽ കണക്റ്റിവിറ്റിയും, കസ്റ്റമൈസ് ചെയ്യാവുന്ന 10.25 ഇഞ്ചിന്റെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും നൽകിയിരിക്കുന്നു. 13 മോഡുകളുള്ള JBL കമ്പനിയുടെ ശബ്ദ സംവിധാനവും, എയർ പ്യൂരിഫയർ, വയർലെസ് ചാർജിംഗ് പാഡ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് മുൻസീറ്റുകൾ, ADAS സേഫ്റ്റി സ്യൂട്ട്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളിനുള്ള പുതിയ സെന്റർ കൺസോൾ എന്നിവയും ഇതിന് ലഭിക്കുന്നു.
എഞ്ചിനും സവിശേഷതകളും:
പുതിയ ഹാരിയർ ഔട്ട്‌ഗോയിംഗ് മോഡലിലുള്ള അതേ എഞ്ചിനിലാണ് പ്രവർത്തിക്കുന്നത്. 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ വഴി മുൻ ചക്രങ്ങളിലേക്ക് 170 ബിഎച്ച്പിയും 350 എൻഎം ടോർക്കും നൽകുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ഇത്.
മഹീന്ദ്ര XUV700 രണ്ട് പവർട്രെയിനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ. ആദ്യത്തേത് 197 ബിഎച്ച്പിയും 380 എൻഎം ടോർക്കും ഉൽപാദിപ്പിക്കുമ്പോൾ, രണ്ടാമത്തേത് 182 ബിഎച്ച്പിയും 450 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഈ എസ്‌യുവിയുടെ ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ഡീസൽ എഞ്ചിനുള്ള ഉയർന്ന വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന AWD സംവിധാനവും കാറിനുണ്ട്.
വില:
17.21 ലക്ഷം രൂപ മുതൽ 34.11 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര XUV700യുടെ പ്രൈസ് റേഞ്ച് (ഓൺ-റോഡ്).
എന്നാൽ 19.31 ലക്ഷം രൂപ മുതൽ 33.97 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ ഓൺ-റോഡ് വില.