പുതിയ നെക്സോൺ ഇങ്ങെത്തി : 8.5 - 15 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില
അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പുതിയ ടാറ്റ നെക്സോൺ അവതരിപ്പിച്ചിരിക്കുകയാണ്. ടാറ്റയുടെ വാഹന വ്യവസായത്തിലെ വളർച്ചക്ക് വഴിതെളിച്ച മോഡലുകളിലൊന്നാണ് നെക്സോൺ. 2017ലായിരുന്നു നെക്സോൺ ആദ്യമായി ഇന്ത്യൻ മണ്ണിനെ സ്പർശിച്ചത്. ഈ ആറ് വർഷക്കാലയളവിൽ നിരവധി ആരാധകരുമുണ്ട് കാറിന്. അങ്ങനെ പുതുക്കിയ നെക്സോണിന്റെ വരവിനായി നാളേറെയായി ഇന്ത്യക്കാരെല്ലാവരും കാത്തിരിക്കാൻ തുടങ്ങിയിട്ട്. അങ്ങിങ്ങായി പല റോഡ് ടെസ്റ്റുകൾ നടത്തുന്ന ചിത്രങ്ങൾ ഇതിനകം വൈറലായിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി ഔദ്യോഗികമായി നെക്സോണിന്റെ 2023 പതിപ്പിനെ അനാവരണം ചെയ്തിരിക്കുകയാണ്. ഡിസൈനിലും ഫീച്ചേഴ്‌സുകളിലും കാര്യമായ മാറ്റങ്ങളോടെയാണ് ഈ വരവ്. സെപ്റ്റംബർ നാലിനാണ് ബുക്കിങ് ആരംഭിക്കുക എന്നും കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.
എക്സ്റ്റീരിയർ ഡിസൈൻ
മുൻവശത്ത് പുതിയ split LED ഹെഡ്ലാംപാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കാറിന് പുതിയ നിറവകഭേദങ്ങളും, പുതിയ ഡിസൈനിലുള്ള അലോയ് വീലുകളും ലഭിക്കുന്നുണ്ട്. കൂടാതെ 208 മില്ലീമീറ്ററിന്റെ ഗ്രൗണ്ട് ക്ലിയറൻസും കമ്പനി അവകാശപ്പെടുന്നുണ്ട്. പിൻവശത്ത് ടാറ്റയുടെ 'Y' പാറ്റേണിനോട് ചേർന്ന് LED ടെയിൽ ലാംപ് ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. പിൻവശത്തെ ബമ്പറിന്റെ ഡിസൈനും പുതുക്കിയിട്ടുണ്ട്. കൂടാതെ സ്പോയിലെറിന് അടിയിൽ മറഞ്ഞിരിക്കുന്ന രൂപത്തിലാണ് പിൻവൈപ്പർ നൽകിയിട്ടുള്ളത്.
ഇന്റീരിയർ & ഫീചേഴ്സ്
പുതുപുത്തൻ ഡാഷ്ബോർഡാണ് പുതിയ നെക്സോണിലുള്ളതെന്ന് പറയണം. മൂന്ന് നിറങ്ങളിലാണ് ക്യാബിനകത്തെ ഡാഷ്ബോർഡ് പൂർത്തിയാക്കിയിട്ടുള്ളത്. രണ്ട് സ്പോക്കുകളുള്ള വ്യത്യസ്തതയോടെയാണ് പുതിയ സ്റ്റീയറിങ് വീൽ രൂപകല്പന ചെയ്തിട്ടുള്ളത്. പ്രകാശിക്കുന്ന ലോഗോയാണ് സ്റ്റിയറിങ് വീലിലുള്ളത്.
Smart, smart plus, pure, creative എന്നീ വേരിയന്റുകളിൽ ലഭ്യമാണ്. നിരവധി ഫീചേഴ്‌സുകളുമുണ്ട് പുതിയ നെക്സോണിൽ.
ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ വലുപ്പം 10.25 ഇഞ്ച് ആയി ഉയർന്നു. കൂടാതെ സെൻട്രൽ കൺസോളിൽ വയർലെസ് മൊബൈൽ ചാർജിംഗ് പാഡും ഉണ്ട്. വെന്റിലേറ്റഡ് സീറ്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ, കോ-ഡ്രൈവർ സീറ്റുകൾ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ.
സുരക്ഷയുടെ കാര്യത്തിൽ പിന്നെ നെക്സോണിന് അടിപതറാറില്ലല്ലോ. ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഉയർന്ന ട്രിമ്മുകളിൽ ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ, ടയർ പ്രഷർ മോണിറ്റർ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവയുമുണ്ട്.
പവർട്രെയിൻ
എൻജിനിൽ മാറ്റങ്ങൾ വന്നിട്ടില്ല. പഴയ നെക്സോണിലെ 1.2 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നീ എഞ്ചിനുകളിൽ തന്നെയായിരിക്കും പുതിയ നെക്സോണും ഓടുക. പെട്രോൾ എൻജിൻ 118 ബിഎച്ച്‌പി പവറും 170 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നു, കൂടാതെ 6-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ്, 7-സ്പീഡ് ഡിസിടി യൂണിറ്റ് എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്നു.
എന്നാൽ ഡീസൽ എഞ്ചിൻ 113 ബിഎച്ച്‌പിയും 260 എൻഎം ടോർക്കും പുറപ്പെടുവിക്കുകയും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി ചേർന്നാണ് പ്രവർത്തിക്കുക. ഇക്കോ, സിറ്റി, സ്‌പോർട്ട് ഡ്രൈവ് മോഡുകളും നെക്‌സോണിന് ലഭിക്കുന്നു.