ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നിവ താൽകാലികമായി നിർത്തിവെച്ചു
ആഗോള വാഹന രംഗത്തെ ഭീമന്മാരായ ടൊയോട്ടയുടെ കരുത്തരായ ചില മോഡലുകളുടെ വിതരണം ഇന്ത്യയിൽ താൽകാലികമായി നിർത്തിവെച്ചു. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നീ മോഡലുകളാണ് നിർത്തിവെച്ചത്. Horsepower പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ടൊയോട്ടയുടെ ഈ നീക്കം. ടൊയോട്ട മോട്ടോർ കോർപ്പറേഷൻ തങ്ങളുടെ ഡീസൽ എഞ്ചിനുകൾ വികസിപ്പിക്കാൻ ടൊയോട്ട ഇൻഡസ്ട്രീസ് കോർപ്പറേഷനെ (TICO) ആയിരുന്നു ചുമതലപ്പെടുത്തിയത്. തിങ്കളാഴ്‌ച ഈ ഡീസൽ എൻജിനുകളുടെ horsepower പരിശോധന നടത്തിയിരുന്നു. എന്നാൽ മൂന്ന് എൻജിൻ മോഡലുകളുടെ സർട്ടിഫിക്കേഷൻ പരിശോധനയ്ക്കിടെ ക്രമക്കേടുകൾ കണ്ടെത്തിയതായി TICO ടൊയോട്ടയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എൻജിനുകളുടെ ‘smoothing’ ആയി ബന്ധപ്പെട്ട ക്രമക്കേടുകളാണ് TICOയുടെ പ്രത്യേക അന്വേഷണ സമിതി പ്രസ്‌താവിച്ചിരിക്കുന്നത്.
ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സിൻ്റെ (TKM) ഇന്ത്യയിലെ മൊത്തം വിൽപ്പനയുടെ ഏകദേശം മൂന്നിലൊന്ന് ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, ഹിലക്‌സ് എന്നിവയായിരുന്നു. അവയാണ് താത്കാലികമായ നിർത്തിവെക്കലിന് വിധേയമായിട്ടുള്ളത്. എന്നിരുന്നാലും ഈ മോഡലുകളുടെ ഉൽപാദനവും, പുതിയ ഓർഡറുകൾ സ്വീകരിക്കുന്നതും തുടരുമെന്ന് കമ്പനി വൃത്തങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.
തകരാറിലായ വാഹനങ്ങളുടെ സർട്ടിഫിക്കേഷനായി ഉപയോഗിച്ച ഡാറ്റ വീണ്ടും പരിശോധിക്കാൻ ടൊയോട്ട ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നതായി പറയപ്പെടുന്നു. പക്ഷെ ഇതിനകം ഷോറൂമുകളിൽ എത്തിയതും, ഇതുവരെ ഡെലിവറി ചെയ്യാത്തതുമായ കാറുകൾ അതിൻ്റെ ഉപഭോക്താക്കളെ ഈ അവസ്ഥയെക്കുറിച്ച് പൂർണ്ണമായി അറിയിച്ച ശേഷം മാത്രമേ കൈമാറുകയുള്ളൂ. ഇത് സ്ഥിരീകരിച്ചതിന് ശേഷമേ പ്രസ്തുത വാഹനം രജിസ്റ്റർ ചെയ്യുകയുള്ളൂ എന്നും വക്താവ് ഉറപ്പുനൽകി.
അതേസമയം, പ്ലാൻ്റിൽ വൻതോതിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ കമ്പനി പുനഃപരിശോധിച്ച് ക്രമക്കേട് ബാധിച്ച എഞ്ചിനുകളും വാഹനങ്ങളും എഞ്ചിൻ ഔട്ട്പുട്ട് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചതായും ടൊയോട്ട അവകാശപ്പെടുന്നു. “അതിനാൽ ബാധിച്ച എഞ്ചിനുകളോ വാഹനങ്ങളോ ഉപയോഗിക്കുന്നത് നിർത്തേണ്ട ആവശ്യമില്ല. വാഹനങ്ങളുടെ മലിനീകരണത്തെയോ സുരക്ഷയെയോ ഇത് ബാധിക്കില്ല. എന്നിരുന്നാലും തങ്ങളുടെ വാഹനങ്ങളെ പിന്തുണയ്ക്കുകയും ദീർഘകാലമായി കാത്തിരിക്കുകയും ചെയ്യുന്ന ഞങ്ങളുടെ ഉപഭോക്താക്കളോടും ഇത് ഉണ്ടാക്കിയ കാര്യമായ അസൗകര്യത്തിനും ആശങ്കകൾക്കും ഞങ്ങൾ ക്ഷമ ചോദിക്കുന്നു” - ടൊയോട്ട മോട്ടോർ കോർപ്പറേഷൻ കൂട്ടിച്ചേർത്തു.
24.79 ലക്ഷം, 42.96 ലക്ഷം, 39.12 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ക്രിസ്റ്റ, ഫോർച്യൂണർ, ഹൈലക്‌സ് എന്നീ മോഡലുകൾക്ക് കേരളത്തിലുള്ള പ്രാരംഭ ഓൺ-റോഡ് വില.