പോളോ പുലിയായിരുന്നു, പക്ഷെ...
ഫോക്സ് വാഗൺ പോളോ എന്ന ഐതിഹാസിക ഹാച്ച്ബാക്ക് കാർ ഇന്ത്യൻ മണ്ണിൽ നിന്നും വിടവാങ്ങിയ വാർത്ത ഞെട്ടലോടെയാണ് ഏതൊരു വാഹനപ്രേമിയും ശ്രവിച്ചത്. 12 വർഷം തങ്ങളെ ഹരം കൊള്ളിച്ച ഈ ജർമൻ കാർ രാജ്യത്ത് ഇനിയില്ല എന്നത് പലർക്കും ഉൾകൊള്ളാൻ ആയില്ല. കാരണം പോളോ എന്ന അതികായകനെ ജനങ്ങൾ അത്രത്തോളം നെഞ്ചോടു ചേർത്തിരുന്നു. ഇത്രത്തോളം ആരാധികപ്പെട്ട മറ്റൊരു ഹാച്ച്ബാക്ക് രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം.
തികച്ചും ഡ്രൈവേർസ് കാറായ പോളോയുടെ ഡ്രൈവബിലിറ്റി മറികടക്കാൻ പോന്ന എതിരാളികൾ തന്റെ സെഗ്മെന്റിലുണ്ടായിരുന്നില്ല.ഇതൊക്കെയായാലും, തന്നെ സ്വന്തമാക്കിയവർക്ക് ചൂണ്ടിക്കാണിക്കാൻ കുറച്ചു പോരായ്മകളുമുണ്ടായിരുന്നു പോളോയ്ക്ക്.
ഇടയ്ക്കിടെ കേൾക്കുന്ന ഇത്തരം പരാതികളാണ് കാറിന് വിനയായത്. ഇതോടെ കമ്പനിക്ക് പോളോയെ തങ്ങളുടെ വാഹനനിരയിൽ നിന്നും പിൻവലിക്കേണ്ടി വന്നു.കൂടുതൽ ശക്തിയാർജിച്ച് പോളോ ഇന്ത്യയിൽ തിരികെയെത്തുമോ എന്ന് കാത്തിരുന്നു കാണാം.
എ.ബി.എസ് സെൻസർ :
POLO ABS SENSER
ഫോക്സ് വാഗൺ പോളോയുടെ ABS സെൻസറുകൾ ഇടയ്ക്കിടെ കേട് വരുന്നതാണ് പോളോയുടെ പ്രധാനമായ പോരായ്മ.ഒരു വർഷത്തിനുള്ളിൽ തന്നെ മൂന്നും നാലും തവണ ABS സെൻസറുകൾ മാറ്റേണ്ടി വന്നവരുടെ എണ്ണവും അത്ര ചെറുതല്ല. ഈയൊരു പ്രശ്നം പോളോയെ അലട്ടുമ്പോൾ ഉടമകൾക്ക് നഷ്ടമാവുന്നത് ഒരു വർഷത്തിനുള്ളിൽ തന്നെ പതിനായിരക്കണക്കിന് രൂപയാണ്. ഫോക്സ് വാഗൺ ഗ്രൂപ്പിലെ തന്നെ മറ്റു കാറുകളായ ഫോക്സ് വാഗൺ വെന്റോയ്ക്കും,സ്കോഡ റാപ്പിഡിനും ഇതേ പ്രശ്നം പലരും ചൂണ്ടിക്കാണിച്ചിരുന്നു.
ഉയർന്ന പരിപാലന ചെലവ്
പരിമിതമായ സർവീസ് സെന്ററുകളും ഉയർന്ന സർവീസ് ചെലവും എന്നും പോളോയെ പിന്നിലാക്കിയ രണ്ട് ഘടകങ്ങളായിരുന്നു. ഇന്ത്യയിൽ കൂടുതൽ വില്പന ലക്ഷ്യമിട്ട് ഫോക്സ് വാഗൺ ഗ്രൂപ്പിന്റെ 'ഇന്ത്യ 2.0' എന്ന പദ്ധതിയിലൂടെ അവരുടെ സർവീസ് സെന്ററുകളുടെയും ഷോറൂമുകളുടെയും എണ്ണവും ക്രമേണ വർധിപ്പിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ട് കമ്പനി.
ഡ്രൈവേഴ്സ് കാർ ആണ്, പക്ഷെ പിൻനിര!!
പോളോ ഈ പ്രൈസ് റേഞ്ചിലെ തികഞ്ഞ ഒരു ഡ്രൈവേഴ്സ് കാറാണെങ്കിലും പോളോയുടെ പിൻനിരയെക്കുറിച്ച് എന്നും കേൾക്കാനുണ്ടായിരുന്നത് കുറ്റങ്ങളായിരുന്നു. ലെഗ്റൂമിന്റെ കുറവും ശരാശരിയിലൊതുങ്ങുന്ന യാത്രാ സുഖവും പോളോയുടെ പിൻനിരയെ മങ്ങലേൽപ്പിച്ച രണ്ട് ഘടകങ്ങളാണ്.
പരിഷ്കാരിയല്ലാത്ത പോളോ
പോളോ നിരത്തുകളിലിറങ്ങിയിട്ട് പന്ത്രണ്ട് വർഷമായെങ്കിൽ പോലും കാലാനുസൃതമായ പരിഷ്കാരങ്ങൾക്ക് ഫോക്സ് വാഗൺ തയ്യാറായിരുന്നില്ല. ഈയൊരു പ്രശ്നം പോളോയുടെ ഇന്റീരിയർ ഡിസൈനിലും ഫീചേഴ്‌സുകളിലും പ്രതിഫലിച്ചിരുന്നു.
യൂറോപ്യൻ നിലവാരവും ആഢ്യത്വവും നിർമാണത്തിലുണ്ടെങ്കിലും കാലത്തിനനുസൃതമായ ഇന്റീരിയർ ഡിസൈൻ മൃദുത്വം വരിക്കുവോളവും പോളോയിൽ എത്തിയിരുന്നില്ല. എതിരാളികളായ ടാറ്റാ അൾട്രോസിനും,മാരുതി സുസുകി ബലീനോയ്ക്കും ഒക്കെ ഇതിലും മികച്ച ഇന്റീരിയർ ഉണ്ടെന്നതോർക്കണം.
ഫീചേഴ്‌സുകളിൽ പിശുക്ക് കാണിച്ച ഫോക്സ് വാഗൺ
എതിരാളികളെല്ലാവരും നൂതന ഫീചേഴ്‌സുകൾ കൊണ്ട് കൂമ്പാരം തീർക്കുമ്പോഴും കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ പോളോയിൽ കൊണ്ടുവരുന്നതിലുള്ള ഫോക്സ് വാഗണിന്റെ അലസത തുടർന്നു. താരതമ്യേനെ, സെഗ്മെന്റിലെ മറ്റു കാറുകകളെക്കാൾ ഫീചേഴ്‌സുകൾ കുറവും എന്നാൽ വില കൂടുതലുമായിരുന്നു പോളോയ്ക്ക്.
യൂറോപ്യൻ നിർമാണ നിലവാരം,മികച്ച ഡ്രൈവബിലിറ്റി എന്നിവ വേണ്ടവർക്ക് പോളോ എക്കാലവും മികച്ച ഓപ്ഷനായിരുന്നു.