ഫോർവീൽ ഡ്രൈവ് എന്നാൽ എന്താണ്?
ഫോർവീൽ ഡ്രൈവ് അല്ലെങ്കിൽ ഓൾവീൽ ഡ്രൈവ്. ഈ രണ്ട് പേരും കേൾക്കുമ്പോൾ നമ്മളിൽ പലരുടെയും മനസിലേക്കെത്തുക ഓഫ് റോഡ് വാഹനങ്ങൾ അല്ലെങ്കിൽ ചില എസ്‌യുവികളാണ്. എന്നാൽ ചില സെഡാനുകളിലും സൂപ്പർ കാറുകളിലുമൊക്കെ ഈ സംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്ന കാര്യം പലർക്കും അപരിചിതമാണ്. ഫോർവീൽ ഡ്രൈവ് സംവിധാനം എന്താണെന്നും അതിനുപിന്നിലുള്ള പ്രവർത്തനം എന്താണെന്നും ഒട്ടുമിക്ക പേർക്കും ധാരണ ഇല്ലാത്തതാണ് അതിന് കാരണം.
എന്താണ് ഫോർവീൽ ഡ്രൈവ്
വാഹനത്തിന്റെ എൻജിനിൽ ഉൽപ്പാദിപ്പിക്കുന്ന ടോർക്കിനെ അഥവാ കറക്കം ഒരേ സമയം നാല് വീലുകളിലേക്കും എത്തിക്കുന്ന സാങ്കേതികവിദ്യയാണ് ഫോർവീൽ ഡ്രൈവ് എന്ന് ചുരുക്കി പറയാം. അതായത് സാധാരണ വാഹനങ്ങളിൽ മുന്നിലോ പിന്നിലോ ഉള്ള രണ്ട് വീലുകളിൽ മാത്രമാണ് ടോർക്ക് ലഭിക്കുക. എന്നാൽ ഫോർവീൽ ഡ്രൈവ് ടെക്നോളജി ഉള്ള വാഹനങ്ങളിൽ എൻജിനിൽ നിന്ന് ഗിയർബോക്സ് വഴി ആക്സിലിലേക്ക് കൈമാറുന്ന ടോർക്കിനെ നാലായി വീതിച്ച്, നാലു വീലുകളിലേക്കും ടോർക്കിനെ ലഭ്യമാക്കുകയാണ് ചെയ്യുക.
ഫുൾ ടൈം ഫോർവീൽ ഡ്രൈവ്, പാർട്ട് ടൈം ഫോർവീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ്, പാർട്ട് ടൈം ഓൾവീൽ ഡ്രൈവ് എന്നിങ്ങനെ നാല് തരം ഫോർവീൽ ഡ്രൈവുകളാണുള്ളത്.
ഫോർവീൽ സംവിധാനം എന്തിന്?
സാധാരണ വാഹനങ്ങൾക്ക് ചെളി, മഞ്ഞ് പോലുള്ള വഴുക്കലുള്ള പ്രദേശങ്ങളിൽ ഘർഷണം ( friction ) വളരെ കുറവായിരിക്കും. അത്തരം സ്ഥലങ്ങളിൽ ടയറുകൾക്ക് സാധാരണ ഉണ്ടാകുന്നതിനേക്കാൾ പകുതി ഗ്രിപ്പ് മാത്രമേ ഉണ്ടാവുകയുള്ളൂ. എന്നാൽ ഫോർവീൽ വാഹനത്തിൽ ഓരോ വീലിലും എത്തുന്ന ടോർക്കിനെ ചുരുക്കുകയും അതുവഴി ടയറുകളുടെ തെന്നൽ ഒഴിവാക്കുകയും ചെയ്യുന്നു. ആക്സിലിൽ ഉള്ള ടോർക്കിനെ നാലായി വീതിക്കുന്നതാണ് വീലുകളിലേക്ക് എത്തുന്ന ടോർക്കിനെ ചുരുക്കാൻ സാധിക്കുന്നത്.
1.പാർട്ട് ടൈം ഫോർ വീൽ ഡ്രൈവ്
ഓഫ് റോഡിങ്ങിന് ഏറ്റവും അനുയോജ്യമായ സംവിധാനമാണ് പാർട്ട് ടൈം ഫോർ വീൽ ഡ്രൈവ്. അത് കൊണ്ട് തന്നെ ഇതിന്റെ ഉപയോഗം കൂടുതലായും ഓഫ് റോഡ് ഡ്യൂട്ടിക്ക് വേണ്ടി രൂപകൽപന ചെയ്ത വാഹനങ്ങളിലാണ്. എന്നാൽ ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ സംവിധാനത്തിന്.
ഇത്തരം വാഹനങ്ങളിൽ ഗിയർബോക്ക്സിനും ആക്സിലിനുമിടയിൽ ട്രാൻസ്ഫർ കേസ് എന്ന ഒരു ഘടകം കൂടിയുണ്ട്. ഗിയർ ബോക്സിൽ നിന്നും വരുന്ന ടോർക്കിനെ പിന്നിലെ രണ്ടു ടയറുകളിൽ മാത്രമായിട്ടോ അല്ലെങ്കിൽ നാലു ചക്രങ്ങളിലേക്ക് മൊത്തമായിട്ടോ എത്തിക്കുന്നതിന് ആണ് ട്രാൻസ്ഫർ കേസ് ( Transfer case ) ഉപയോഗിക്കുന്നത്.
വാഹനം ടൂവീൽ ഡ്രൈവിൽ ( two wheel drive ) നിന്നും ഫോർവീൽ ഡ്രൈവിലേക്ക് മാറ്റാൻ ട്രാൻസ്ഫർ കേസിന്റെ ലിവർ ഒന്ന് വലിച്ചാൽ മതി. ഫോർവീൽ ഡ്രൈവിൽ വാഹനമോടിച്ചാൽ ഇന്ധനക്ഷമതയെ അത് കാര്യമായി ബാധിക്കുമെന്നതിനാൽ ആവശ്യമുള്ളപ്പോൾ മാത്രം ഫോർവീൽ ഡ്രൈവിലും അല്ലെങ്കിൽ ടൂവീൽ ഡ്രൈവിലും ഓടിക്കാം എന്നതാണ് പാർട്ട് ടൈം ഫോർ വീൽ ഡ്രൈവിന്റെ പ്രധാന നേട്ടം.
പഴയ മഹീന്ദ്ര ജീപ്പുകൾ, മഹീന്ദ്ര താർ, മഹീന്ദ്ര സ്കോർപിയോ, ടാറ്റാ സഫാരി, മാരുതി ജിപ്സി, ടൊയോട്ട ഫോർച്യൂണർ എന്നിവയാണ് പാർട്ട്‌ടൈം ഫോർ വീൽ ഡ്രൈവ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന വാഹനങ്ങൾ.
2. ഫുൾടൈം ഫോർവീൽ ഡ്രൈവ്
എൻജിനിൽ നിന്നുള്ള ടോർക്കിനെ അല്ലെങ്കിൽ കറക്കം എല്ലാ സമയവും നാല് വീലുകളിലേക്കും എത്തിക്കുന്ന ടെക്നോളജി ആണ് ഫുൾടൈം ഫോർവീൽ ഡ്രൈവ്. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമതയെ കാര്യമായി ബാധിക്കുന്നു. സാധാരണ ഫോർവീൽ ഡ്രൈവ് വാഹനങ്ങൾക്ക് ടാറിട്ട റോഡുകളിലെ ഡ്രൈവിംഗ് ദുഷ്കരമാണ്. എന്നാൽ ടാറിട്ട റോഡുകളിലും ഫോർവീൽ ഡ്രൈവിൽ വാഹനത്തെ ഓടിക്കാനാവും എന്നതാണ് ഫുൾ ടൈം ഫോർവീൽ ഡ്രൈവ് സംവിധാനത്തിന്റെ പ്രത്യേകത. സെൻട്രൽ ഡിഫറെൻഷ്യൽ എന്ന ഭാഗമാണ് ഇതിന് സഹായിക്കുന്നത്.
സെൻട്രൽ ഡിഫറെൻഷ്യൽ ഉള്ളതുകൊണ്ട് തന്നെ ഇത്തരം വാഹനങ്ങൾ ഓഫ് റോഡിങ്ങിന് അത്ര അനുയോജ്യമാകണമെന്നില്ല. ഡിഫറെൻഷ്യൽ ബ്ലോക്കുകൾ ഉപയോഗിച്ചാണ് ഈ പ്രശ്നം പരിഹരിക്കുന്നത്.
സ്പോർട്സ് കാറുകളിലും ആഡംബര കാറുകളിലും ഉപയോഗിക്കുന്ന ഈ സംവിധാനത്തിന് മലിനീകരണം വളരെ കൂടുതലാണ്. ടൊയോട്ട പ്രാഡോ, ടൊയോട്ട ലാൻഡ് ക്രൂയിസർ എന്നിവയൊക്കെ ഫുൾടൈം ഫോർവീൽ ഡ്രൈവ് സംവിധാനമുള്ള വാഹനങ്ങളാണ്.
3. ഓൾ വീൽ ഡ്രൈവ്
ഓൾ വീൽ ഡ്രൈവ് സംവിധാനം ഏറ്റവും നൂതനമായ ഡ്രൈവ് ലൈനുകളിൽ ഒന്നാണ്. മറ്റുള്ള ഫോർവീൽ ഡ്രൈവ് സംവിധാനങ്ങളുടെ പോരായ്മകൾ ഇലക്ട്രോണിക് സെൻസറുകൾ ഉപയോഗിച്ച് പരിഹരിച്ചാണ് ഓൾവീൽ ഡ്രൈവ് വാഹനങ്ങൾ ഓടുന്നത്. ഈ സംവിധാനത്തിൽ എഞ്ചിനിൽ നിന്നുള്ള പവർ രണ്ട് ചക്രങ്ങളിലേക്ക് നേരിട്ടും, മറ്റുള്ളതിലേക്ക് ഒരു ഇലക്ട്രോണിക് സംവിധാനം വഴിയുമാണ് എത്തിക്കുന്നത്. മികച്ച ഇന്ധനക്ഷമത നൽകുന്നതാണ് ഓൾ വീൽ ഡ്രൈവ് സംവിധാനത്തിന്റെ പ്രധാന നേട്ടം. വളരെ കാര്യക്ഷമമായ ഒരു സംവിധാനമാണിതെങ്കിലും കുറച്ച് പോരായ്മകൾ ഇതിനുമുണ്ട്. കൂടിയ ഭാരം, ഉയർന്ന മെക്കാനിക്കൽ സങ്കീർണത എന്നിവ വാഹനത്തിന്റെ പരിപാലന ചെലവ് വർധിപ്പിക്കാൻ സാധ്യതയുണ്ട്.
ടാറ്റാ ഹെക്സ, ടാറ്റ ആര്യ, മഹീന്ദ്ര എക്സ് യുവി, ഹ്യുണ്ടായ് സന്റാഫെ എന്നിവ ഓൾ വീൽ ഡ്രൈവ് വാഹനങ്ങളിൽ ചിലതാണ്.
4.പാർട്ട് ടൈം ഓൾവീൽ ഡ്രൈവ്
പാർട്ട് ടൈം ഓൾവീൽ ഡ്രൈവ് സംവിധാനത്തിൽ ട്രാക്ഷൻ നഷ്ടപ്പെടുന്നത് വരെ ടൂവീൽ ഡ്രൈവിലും പിന്നീട് ബാക്കിയുള്ള വീലുകളിലേക്ക് ടോർക്കിനെ കൊടുക്കുകയും ഇലക്ട്രോണിക് അല്ലെങ്കിൽ ഹൈഡ്രോളിക് പവർ ഉപയോഗിച്ച് വാഹനം ഓൾവീൽ ഡ്രൈവിലേക്ക് മാറുകയും ചെയ്യുന്നു. ഈ സംവിധാനം ടൂവീൽ ഡ്രൈവിൽ നിന്നും ഫോർവീൽ ഡ്രൈവിലേക്ക് മാറാൻ കുറച്ചു സമയമെടുക്കും. ഇത് വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അനുഭവപ്പെടുന്ന ചെറിയ ഒരു പോരായ്മയാണ്. കുറഞ്ഞ ചിലവ്, കുറഞ്ഞ ഭാരം, കൂടിയ കാര്യക്ഷമത, വർദ്ധിച്ച ഇന്ധനക്ഷമത എന്നിവ പാർട്ട് ടൈം ഓൾവീൽ ഡ്രൈവിന്റെ ഗുണങ്ങളാണ്.
ഇത്തരം വാഹനങ്ങൾ ചെറിയ ഓഫ് റോഡിങ്ങിന് വേണ്ടിയാണ് രൂപകല്പന ചെയ്തതിട്ടുള്ളൂ എന്നതിനാൽ തന്നെ കനത്ത ഓഫ് റോഡിങ് സാധ്യമല്ല.